ഷാരോൺ വധം; ഗ്രീഷ്മ നടത്തിയത് ത്രില്ലര്‍ സിനിമയെവെല്ലും ഗൂഢാലോചന
text_fieldsവധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട ഗ്രീഷ്മയെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനക്കായി
കൊണ്ടുവന്നപ്പോൾ
തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ കാമുകി ഗ്രീഷ്മ നടത്തിയത് ത്രില്ലര്‍ സിനിമയെ വെല്ലും ഗൂഢാലോചന. പലകുറി ഗ്രീഷ്മ ആവര്‍ത്തിച്ച കള്ളങ്ങള്‍ എല്ലാം പൊളിച്ചത് ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണാണ്. ആദ്യശ്രമം എന്ന രീതിയില്‍ ജ്യൂസില്‍ പാരസറ്റമോള്‍ ഗുളികകള്‍ അമിത അളവില്‍ കലക്കിക്കൊടുത്തു. എന്നാല്‍, ഈ ശ്രമം പൊളിഞ്ഞതോടെയാണ് വിഷത്തേക്കുറിച്ച് പ്രത്യേകം പഠനം നടത്തിയത്. ഇതിനുവേണ്ടി ദിവസങ്ങളോളം ഗൂഗിള്‍ സെര്‍ച്ച് നടത്തി. വിഷം ഉള്ളില്‍ ചെന്ന് മരണപ്പെട്ടാല്‍ പരിശോധനയില്‍ അത് വ്യക്തമാവുമെന്ന് ഗ്രീഷ്മക്ക് ധാരണയുണ്ടായിരുന്നു. അതാണ് പാരക്വിറ്റ് കളനാശിനിയിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്.
പാരക്വിറ്റ് അകത്തുചെന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അതിന്റെ അംശം ശരീരത്തില്‍നിന്ന് ഇല്ലാതാവുമെന്നും മരണം സാവകാശമായിരിക്കുമെന്നും മനസ്സിലായതോടെയാണ് ഈ വിഷം ഉപയോഗിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. എന്നാല്‍, പാരക്വിറ്റ് അകത്തുചെന്നാല്‍ ഇത് മറ്റ് അവയവങ്ങള്ക്കുണ്ടാക്കുന്ന തകരാറുകളേക്കുറിച്ച് ഗ്രീഷ്മ ബോധവതിയായിരുന്നില്ല. കഷായമാണ് നല്‍കിയതെന്ന ഗ്രീഷ്മയുടെ വാദം അങ്ങനെ സഹോദരന് പൊളിച്ചു. പാരക്വിറ്റ് അകത്ത് ചെന്നാല്‍ മാത്രമുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ഷാരോണിനുണ്ടായിരുന്നു. തൊണ്ടമുതല്‍ താഴോട്ട് പൂര്‍ണമായും കരിഞ്ഞപോലെയുള്ള അവസ്ഥയിലായി.
ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലായതോടെ കുടിച്ചത് വെറും കഷായമല്ലെന്നുറപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ വീട്ടില്‍ പോയശേഷം ശാരീരിക അവശതയുണ്ടെന്ന് പറഞ്ഞ് ഷാരോണ്‍ വീട്ടിലെത്തിയതും മുറിയില്‍ പോയി കിടന്നതും. പക്ഷേ, ഛര്‍ദി തുടര്‍ന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും അകത്ത് ചെന്ന വിഷത്തിന്റെ അംശം ശരീരത്തില്‍നിന്ന് പോയിരുന്നു.
ഇതുസംബന്ധിച്ച് ഷിമോണും ബന്ധു സജിനും ഒട്ടേറെ തവണ ഗ്രീഷ്മയെ വിളിച്ചും വാട്സ്ആപ്പ് ചാറ്റിലൂടെയും കാര്യങ്ങള്‍ ചോദിച്ചിരുന്നു. ആദ്യം കോകിലാക്ഷം കഷായമാണ് കൊടുത്തതെന്നാണ് ഗ്രീഷ്മ പറഞ്ഞത്. എന്നാല്‍ ഷിമോണ്‍ ആയുര്‍വേദ ഡോക്ടറായതുകൊണ്ടുതന്നെ ഈ കഷായത്തിന്റെ കാര്യം ആദ്യം തന്നെ കള്ളമാണെന്ന് മനസിലാക്കി. കഷായം അമിത അളവില്‍ കുടിച്ചാല്‍ പോലും മരണം സംഭവിക്കാന്‍ ഇടയില്ലെന്ന് അറിയാമായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു.
വിധികേൾക്കാൻ തടിച്ചുകൂടിയത് നൂറുകണക്കിന് പേര്
നെയ്യാറ്റിന്‍കര: ഏറെ കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷരോൺ രാജ് വധകേസിലെ വിധി കേല്‍ക്കുന്നതിനും പ്രതിയായ ഗ്രീഷ്മയെ കാണാനും നെയ്യാറ്റിൻകര കോടതിവളപ്പിലും പരിസരത്തും തടിച്ചു കൂടിയത് നൂറുകണക്കിന് പേർ. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും സ്ത്രീകളടക്കം നിരവധി ആളുകൾ വിധി കേൾക്കാനെത്തിയിരുന്നു. ഗ്രീഷ്മക്ക് വധശിക്ഷയെന്ന് അറിഞ്ഞതോടെ പലരും ആഹ്ലാദം പങ്കുവെച്ചു. ഗ്രീഷ്മയെ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ കാത്തുനിന്ന ജനക്കൂട്ടം അവരെ കൂവലോടെയാണ് യാത്രയാക്കിയത്.
ഗ്രീഷ്മയെ കോടതിയിൽനിന്ന് പുറത്തേക്ക് ഇറക്കുമ്പോൾ പൊലീസ് വാഹനത്തിന് നേരെ ആൾക്കൂട്ടം ചാടിവീഴാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കേസിന്റെ വിധി കേൾക്കാൻ നിരവധി അഭിഭാഷകരും നിയമവിദ്യാർഥികളും കോടതിയിലെത്തി. ജനം തടിച്ചുകൂടിയതോടെ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നെയ്യാറ്റിൻകര പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

