ആരവങ്ങളുടെ ആവേശത്തിരയിലേക്ക് വീണ്ടും ശംഖുംമുഖം
text_fieldsപുതുവത്സര ദിനത്തിൽ ശംഖുംമുഖം കടൽ തീരത്ത് ആഘോഷത്തിലേർപ്പെട്ടവർ
തിരുവനന്തപുരം: ഇടവേളക്കുശേഷം ജനാരവങ്ങളുടെ ആവേശത്തിരയിൽ തലസ്ഥാന നഗരിയുടെ സൗന്ദര്യമായ ശംഖുംമുഖം. കത്തിയാളുന്ന ഉച്ചവെയിലിനെ ആവഗണിച്ച് ആയിരങ്ങളാണ് പുതുവത്സരദിനത്തിൽ ശംഖുംമുഖത്തേക്കെത്തിയത്. എല്ലാ പുതുവത്സര ദിനത്തിലും കടലിലെത്തുകയും കടലിൽ കുളിക്കുകയും ചെയ്യുന്ന തീരദേശ ജനതയുടെ ആഘോഷം കൂടിയായതോടെ ഉത്സവലഹരിയിലായി തീരം.
സന്ദർശകർ ഒഴുകിയെത്തിയതോടെ എങ്ങും ആർത്തലച്ചത് സന്തോഷത്തിര. ഞായറാഴ്ച കൂടിയായതോടെ തിരക്കിനും കനമേറി. കോവിഡിനും തീരനഷ്ടത്തിനും ശേഷം ഇതാദ്യമായാണ് ഇത്രയധികംപേർ ശംഖുംമുഖത്തേക്കെത്തുന്നതെന്ന് ലൈഫ് ഗാർഡുമാരും പറയുന്നു. അഞ്ചുവർഷത്തിന് ശേഷം ഇത്രയധികം ആളുകൾ ഒരുപക്ഷേ ഇപ്പോഴായിരിക്കുമെന്നും ഇവർ അടിവരയിടുന്നു. നേരത്തെ കോവിഡ് മൂലം നിയന്ത്രണങ്ങളുണ്ടായിരുന്നു.
കോവിഡ് കഴിഞ്ഞശേഷം ജനജീവിതം സാധാരണ നിലയിലായെങ്കിലും തീരം കടലെടുത്തതോടെ സന്ദർശന വിലക്കിലും നിയന്ത്രണങ്ങളിലുമായിരുന്നു ശംഖുംമുഖം. തീരം തിരികെയെത്തിയെങ്കിലും ആളുകൾ കാര്യമായി എത്തിയിരുന്നില്ല. മതിൽകെട്ടിന് പുറത്ത് കാഴ്ച കണ്ട് മടങ്ങലായിരുന്നു പതിവ്. എന്നാൽ, പുതുവത്സര ദിനത്തിൽ സ്ഥിതിയാകെ മാറി. തീരദേശത്തിന് സമീപത്തുള്ളവരാണ് ഉച്ചനേരത്ത് അധികവുമെത്തിയത്. കുട്ടികളടക്കം കുടുംബസേമതമെത്തിയവരും നിരവധി. മത്സ്യബന്ധനയാനങ്ങളിൽ കുടുംബത്തെ കടൽ കാണിക്കാനിറങ്ങിയ തൊഴിലാളികളുമുണ്ട്.
ഒപ്പം ഇതരസംസ്ഥാനക്കാരായ വിനോദസഞ്ചാരികളും. ഒരേനിറത്തിലെ ജഴ്സിയണിഞ്ഞെത്തിയ ഒന്നിലധികം സംഘങ്ങൾ തീരത്ത് കാണാമായിരുന്നു. കടലിലിറങ്ങിയും തീരത്ത് ഫുട്ബാൾ കളിച്ചുമെല്ലാം ഉത്സവത്തിമിർപ്പിലായിരുന്നു തീരദേശം.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തിരയുടെ ശക്തി ഞായറാഴ്ച കുറവായിരുന്നുവെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു. ക്രിസ്മസ് ദിനത്തിൽ നല്ല തിരയടിയാണുണ്ടായിരുന്നത്.
കടല്‍ക്കാറ്റേറ്റ് നടക്കാന്‍ പാകത്തില്‍ നടവഴിയും കരിങ്കല്ല് പാകിയ നടവഴിയിലും സമീപത്തെ വിശ്രമയിടത്തിലുമെല്ലാം തിരക്കുണ്ട്.ഓഖിയില്‍ തീരം വിഴുങ്ങിയ തിരകള്‍ ശംഖുംമുഖത്തിനും പരിക്കേൽപിച്ചിരുന്നു. ഓഖിക്കും കോവിഡിനും തീരശോഷണത്തിനും ശേഷമുള്ള ആഘോഷങ്ങളുടെ മടങ്ങിവരവാണ് ശംഖുംമുഖത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

