പഴവങ്ങാടിയിൽ മുഖംമറച്ച് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
text_fieldsടോണി
തിരുവനന്തപുരം: പഴവങ്ങാടി ഭാഗത്ത് യുവതിക്കുനേരെ മുഖംമറച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി ടോണിയാണ് (27) അറസ്റ്റിലായത്. ഈ മാസം പത്തിന് പുലർച്ച അട്ടക്കുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടർന്നെത്തി കടന്നുപിടിക്കുകയായിരുന്നു.
പരാതിയെതുടർന്ന് ഫോർട്ട് അസി. കമീഷണർ എസ്. ഷാജിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. കിഴക്കേകോട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള സി.സി.ടിവി പരിശോധിച്ചതിൽനിന്ന് ലഭിച്ച അവ്യക്തമായ രൂപം കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിലെ അന്വേഷണം.
ഇരുട്ടും പ്രതി ഹെൽമെറ്റ് ധരിച്ചിരുന്നതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. മറ്റു സ്ഥലങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇയാൾ വന്ന വാഹനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. വാഹനത്തിന്റെ സഞ്ചാരപഥം നോക്കിയാണ് പ്രതി ടോണിയാണെന്ന് തിരിച്ചറിഞ്ഞത്.
ഫോർട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ രാകേഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിജിത്ത്, ശ്രീജേഷ്, വിനോദ്, അനു എസ്.നായർ, സി.പി.ഒമാരായ രാമു, അനുരാജ്, വിനോദ്, സാബു, രഞ്ജിത്ത്, ജീത് കുമാർ എന്നിവർ സംഘങ്ങളായി നൂറിലധികം കാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

