ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ശ്രീവരാഹം വാഴപ്പള്ളി ലെയ്നിൽ സജികുമാറിനെയാണ് (33) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകുന്നേരം 5.15ന് കഴക്കൂട്ടത്തുനിന്ന് ഉള്ളൂരിലേക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്.
യുവതി വിവരം കണ്ടക്ടറോട് പറയുന്നത് കണ്ട പ്രതി ബസിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ ഫോട്ടോ ലഭ്യമായതിനെതുടർന്ന് നവമാധ്യമങ്ങളിലൂടെയും പൊലീസ് ഗ്രൂപ്പുകളിലൂടെയും ഫോട്ടോ കൈമാറി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളയമ്പലം ഭാഗത്തുനിന്ന് പിടികൂടിയത്.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, ശശാങ്കകുമാർ, എസ്.സി.പി. ഒ. ബിമൽ മിത്ര, സി.പി.ഒമാരായ രതീഷ്, ശ്രീക്കുട്ടൻ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

