സ്ഥാനാർഥി നിർണയത്തിരക്കിൽ പാർട്ടികൾ; നാട് തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിജ്ഞാപനം ഉടൻ വരാനിരിക്കെ നാടാകെ തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. വാർഡ് പുനർനിർണയം, വോട്ടർപട്ടിക പുതുക്കൽ, സംവരണവാർഡുകളുടെ തെരഞ്ഞെടുപ്പ്, അധ്യക്ഷന്മാരുടെ സംവരണം എന്നിങ്ങനെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതോടെ മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകളിൽ സജീവമാണ്. അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണപട്ടികയാണ് ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനാർഥി നിർണയം എല്ലാ ഘടകങ്ങളും പരിഗണിച്ചും വിജയസാധ്യത ഉറപ്പാക്കിയും നടത്താൻ മുന്നണികൾക്കാകും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതിരുന്ന ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഇക്കുറി വനിത സംവരണമാണ്. വനിത സംവരണമായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ മേയർ പദവി ജനറലായി മാറി. നെയ്യാറ്റിൻകര, വർക്കല നഗരസഭകളിൽ അധ്യക്ഷ സ്‌ഥാനം വനിതകൾക്ക് സംവരണം ചെയ്തപ്പോൾ നെടുമങ്ങാട്, ആറ്റിങ്ങൽ നഗരസഭകളിൽ ജനറൽ വിഭാഗത്തിലുള്ളവർ അധ്യക്ഷ സ്ഥാനത്തേക്കെത്തും.
ജില്ലയിൽ അധ്യക്ഷ സ്ഥാനം സംവരണം ചെയ്‌ത ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പട്ടിക ഇപ്രകാരമാണ്:
ബ്ലോക്ക് പഞ്ചായത്ത്: പട്ടികജാതി വനിത - ചിറയിൻകീഴ്, പട്ടികജാതി സംവരണം - വെള്ളനാട്, വനിത സംവരണം- പാറശാല, പെരുങ്കടവിള, അതിയന്നൂർ, പോത്തൻകോട്, കിളിമാനൂർ.
ഗ്രാമപഞ്ചായത്ത്: പട്ടികജാതി വനിത- വിളപ്പിൽ, വെമ്പായം, ആനാട്, കല്ലറ, ഇടവ. പട്ടികജാതി സംവരണം- കാരോട്, കുളത്തൂർ, ആര്യങ്കോട്, വിളവൂർക്കൽ. പട്ടിക വർഗ വനിതാ സംവരണം-വിതുര. വനിതാ സംവരണം- പൂവാർ, വെള്ളറട, കൊല്ലയിൽ, പെരുങ്കവിള, അതിയന്നൂർ, കോട്ടുകാൽ, വെങ്ങാനൂർ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, കല്ലിയൂർ, അണ്ടൂർക്കോണം, പോത്തൻകോട്, അഴൂർ, കാട്ടാക്കട, പൂവച്ചൽ, ആര്യനാട്, കുറ്റിച്ചൽ, തൊളിക്കോട്, അരുവിക്കര, മാണിക്കൽ, പുല്ലമ്പാറ, പാങ്ങോട്, കരവാരം, പഴയകുന്നുമ്മേൽ, കിളിമാനൂർ, മടവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, മുദാക്കൽ, മണമ്പൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

