റോഡരികിലെ മെറ്റലിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ട മെറ്റലിൽ സ്കൂട്ടർ തെന്നിവീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് 22,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. രണ്ടുമാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ എട്ടുശതമാനം പലിശ നൽകണം. തുക നൽകിയ ശേഷം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം.
നഷ്ടപരിഹാരം നൽകിയ ശേഷം ഉത്തരവാദികളിൽ നിന്ന് നിയമാനുസരണം ഈടാക്കാൻ പഞ്ചായത്തിന് സ്വാതന്ത്ര്യമുണ്ടാവുമെന്നും ഉത്തരവിൽ പറഞ്ഞു. 2023 മേയ് ഒമ്പതിനാണ് അപകടം. മൈലാമൂട് ട്രാൻസ്ഫോർമറിന് സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട് സ്വദേശിനി സ്മിത ഭാസ്കറിന്റെ സ്കൂട്ടർ തെന്നി വീണത്. ഹർജിക്കാരിക്ക് സാരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. തുടർന്ന് കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായ ഭർത്താവിന് അവധിയെടുത്ത് വന്ന് ഭാര്യയെ ശുശ്രൂഷിക്കേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കമീഷനെ സമീപിച്ചത്. കമീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പഞ്ചായത്ത് റോഡിൽ പണി ചെയ്യാനുള്ള മെറ്റൽ അനുവാദമില്ലാതെ പൊതുമരാമത്ത് റോഡിൽ ഇറക്കിയിട്ടത് നിയമവിരുദ്ധമാണെന്ന് കമീഷൻ കണ്ടെത്തി. വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും ഈ കേസിലും സ്വീകരിക്കാനാണ് കമീഷൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

