തീരത്ത് രാത്രി വൈകിയും മണൽചാക്ക് അടുക്കൽ തുടരുന്നു; വീടുകള്‍ കടലാക്രമണ ഭീഷണിയില്‍
text_fieldsശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വലിയതുറക്കുസമീപം കൊച്ചുതോപ്പിൽ സാജന്റെ വീടിന്റെ പകുതിയോളം തകർന്നപ്പോൾ -പി.ബി. ബിജു
വലിയതുറ: ശക്തമായ മഴയില്‍ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. വെട്ടുകാട് നിരവധി വീടുകള്‍ ഭീഷണി നേരിടുന്നു. വെട്ടുകാട് തീരത്ത് ഞായറാഴ്ച പകല്‍ കടലാക്രമണത്തിന് നേരിയ ശമനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. യുവാക്കളുടെയും വീട്ടുകാരുടെയും നേതൃത്വത്തില്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന ജോലി തുടരുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1.32 ഓടെ ശംഖുംമുഖം തീരത്ത് ശക്തമായ കടലാക്രമണമുണ്ടായി.
ശംഖുംമുഖം എല്‍.പി സ്കൂളിനു പടിഞ്ഞാറുഭാഗത്ത് (കണ്ണാന്തുറ) ഞായറാഴ്ച ഉച്ചയ്ക്ക് കടലാക്രമണം ഉണ്ടായതോടെ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലായ വീടുകളെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ ക്ലേയും മണലും ജംബോ ബാഗുകളില്‍ (ചാക്ക്) നിറച്ച് താൽകാലികമായി സംരക്ഷണ ഭിത്തി നിര്‍മിച്ചു. കടലാക്രമണം ശക്തമായിട്ടും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണമുണ്ട്. കടല്‍ക്ഷോഭം കാരണം ശംഖുംമുഖം, വെട്ടുകാട് തീരത്ത് ശക്തമായ കരയിടിച്ചില്‍ തുടരുകയാണ്.
ഈ ഭാഗങ്ങളില്‍ 210ഓളം വീടുകളാണ് അപകട ഭീഷണി നേരിടുന്നത്. വീടുകളെ സംരക്ഷിക്കുന്നതിനായി തീരത്ത് മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ രാത്രിസമയത്തും മണല്‍ചാക്കുകള്‍ അടുക്കുന്ന ജോലി തുടരുകയാണ്. വെട്ടുകാട് വയര്‍ലെസ് സ്റ്റേഷന് പരിധിമുതല് ടൈറ്റാനിയം വരെയുളള തീരത്തോടു ചേര്‍ന്നുളള നൂറിലധികം വീടുകളും ശംഖുംമുഖം കുരിശ്ശടിമുതല് കണ്ണാന്തുറ സെന്റ് ആന്റണീസ് പളളി വരെയുളള 125 ഓളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. മുന്നറിയിപ്പുണ്ടായിട്ടും തീരസംരക്ഷണത്തിന് ജില്ല ഭരണകൂടവും കൗണ്‍സിലര്‍മാരും നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഭാഗങ്ങളിലും കടലാക്രമണം ശക്തമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

