ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു; ഡ്രൈവര്‍ക്ക് പൊള്ളലേറ്റു
text_fieldsപട്ടത്ത് കെ.എസ്.ആര്‍.ടി.സി ബസിന്റെ ബാറ്ററി ക്യാബിന്‍ കത്തിനശിച്ചനിലയില്‍
മെഡിക്കൽ കോളജ്: പട്ടത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. തീകെടുത്താനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
കേടായ ബസ് ഡിപ്പോ അധികൃതര്‍ എത്തി സുരക്ഷിതമായി മാറ്റി. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടുകൂടി കേശവദാസപുരം-പട്ടം റോഡില്‍ പട്ടത്തെ സ്വകാര്യ സ്‌കൂളിനു സമീപമായിരുന്നു സംഭവം. കിഴക്കേക്കോട്ട ഭാഗത്തേക്ക് ഏകദേശം 45 യാത്രക്കാരുമായി പോയ കിഴക്കേക്കോട്ട ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. ബസ് പട്ടത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ക്യാബിനടുത്തായി ബാറ്ററി സെക്ഷനില്‍ തീ പിടിക്കുകയായിരുന്നു.
തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറുടെ കൈക്ക് പൊള്ളലേറ്റു. സംഭവമറിഞ്ഞ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് എത്തിയ സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍ ദിനുമോന്‍, ഓഫീസര്‍മാരായ സനീഷ്‌കുമാര്‍, സനു, സാജന്‍ സൈമണ്‍, ഹോം ഗാര്‍ഡ് ശ്യാമളകുമാര്‍, സുധിന്‍ എന്നിവര്‍ ചേര്‍ന്ന് തീ കെടുത്തി. ബാറ്ററി സെക്ഷൻ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു.
സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ഇവരെ സേന സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടും അമിതമായ ചൂടുമാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. യാത്രക്കാര്‍ മറ്റൊരു ബസില്‍ യാത്ര തുടര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

