ഇരവിപുരത്തെ ആർ.എസ്.പി അതൃപ്തി; കൊല്ലത്തെ മൂന്നു സീറ്റുകള്‍ വെച്ചുമാറുന്നത് വീണ്ടും ചര്‍ച്ചയിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആർ.എസ്.പിയുടെ ഇരവിപുരം സീറ്റുമായുണ്ടായ അതൃപ്തി പരിഹരിക്കാന്‍ കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകള്‍ പരസ്പരം വെച്ചുമാറുന്നത് വീണ്ടും ചര്‍ച്ചയാകുന്നു. ഇരവിപുരം ആർ.എസ്. പിയില്‍ നിന്ന് മുസ്ലിം ലീഗ് ഏറ്റെടുത്ത് മത്സരിക്കാനാണ് ആലോചന. പകരം കോണ്‍ഗ്രസിന്റെ ചടയ മംഗലം സീറ്റ് ആർ.എസ്.പിക്ക് നല്‍കും. പകരം ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്കുന്നതുമാണ് ചര്‍ച്ചയിലുള്ളത്.
ആർ.എസ്.പി നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ ധാരണയാകാനാണ് സാധ്യത.ഇരവിപുരത്ത് ആർ.എസ്.പി സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി പ്രാദേശിക നേതൃത്വത്തില്‍ വലിയ പൊട്ടിത്തെറിയും കോണ്‍ഗ്രസില്‍ അതൃപ്തിയും രൂപപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോണ്‍, എ.എ. അസീസ് എന്നിവർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ചർച്ച സജീവമായതോടെ ലീഗിന്റെ കൊല്ലത്തെ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാമിനെ ഇരവിപുരത്ത് മത്സരിപ്പിക്കാനാണ് ആലോചന. രാഷ്ട്രീയത്തിന് അതീതമായുള്ള സുല്‍ഫിക്കര്‍ സലാമിന്റെ ബന്ധങ്ങള്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. എന്നാല്‍, മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്നായിരുന്നു സതീശന് പരസ്യമായി പറഞ്ഞത്.
എന്നാല്‍, ലീഗിലെ ചില പ്രമുഖ നേതാക്കള്‍ കൂടി വിഷയത്തില്‍ ഇടപെട്ടതോടെയാണ് ജയസാധ്യത ലക്ഷ്യമാക്കിയുള്ള സീറ്റുമാറ്റ ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുന്നത്.
പകരം, ചടയമംഗലത്ത് ആർ.എസ്.പി സ്ഥാനാര്‍ഥിയായി അടുത്തിടെ സി.പി.ഐയില്‍ നിന്ന് എത്തിയ എ. മുസ്തഫയെ മത്സരിപ്പിക്കാമെന്നാണ് നിര്‍ദേശം. ജില്ല പഞ്ചായത്ത് അംഗം, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച മുസ്തഫയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി കളത്തിറലിറക്കിയാൽ എതിർ സ്ഥാനാർഥി സി.പി.ഐയുടെ ഇപ്പോൾ മന്ത്രി കൂടിയായ ജെ. ചിഞ്ചുറാണിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനും ചിലപ്പോള്‍ അട്ടിമറിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന പുനലൂരില്‍ കെ.പി.സി.സി സെക്രട്ടറി സൈമണ്‍ അലക്സിനെ മത്സരിപ്പിക്കാനാണ് ആലോചന. സമുദായ സമവാക്യങ്ങള്‍ കൂടി കണക്കാക്കിയാണ് സൈമണ്‍ അലക്സിന്റെ പേര് സജീവമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

