കവടിയാര്‍ കൊട്ടാരത്തിലെ കവർച്ച; തെളിവുശേഖരണം എങ്ങുമെത്തിയില്ല; അന്വേഷണം ഇഴയുന്നു
text_fieldsപേരൂര്‍ക്കട: കവടിയാര്‍ കൊട്ടാരത്തിലെ രണ്ട് കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണാഭരണ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ശേഖരിക്കാനാവാതെ പൊലീസ്. കൊട്ടാരത്തിലെ താമസക്കാരില്‍നിന്നും ഇവരുടെ ബന്ധുക്കളില്‍നിന്നും മൊഴിയെടുക്കുന്നതുപോലും പൂര്‍ത്തീകരിച്ചിട്ടില്ല. 2025 ഒക്ടോബര്‍, നവംബര്‍ കാലത്ത് നടന്ന മോഷണത്തെക്കുറിച്ച് 2026ലാണ് കൊട്ടാരത്തിലെ ഗൗരി ലക്ഷ്മിബായി പരാതി നല്‍കിയത്.
അന്ന് ബംഗളൂരു യാത്രക്ക് മുന്നോടിയായി ആഭരണങ്ങള്‍ തെരഞ്ഞപ്പോഴാണ് കാണാനില്ലെന്നു മനസ്സിലായതെന്ന് പൊലീസിൽ അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസിൽ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത് പൊലീസ് നിരാകരിച്ചതോടെയാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കേസെടുത്ത് കഴിഞ്ഞ മാര്‍ച്ചില്‍ അന്വേഷണം ആരംഭിച്ചത്.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വർണ ചെയിന്‍, മൂന്ന് പവനോളമുള്ള പിച്ചിപ്പൂമൊട്ട് രൂപകല്‍പ്പനയിലുള്ള സ്വര്‍ണ പാദസരം, രണ്ട് പവനോളമുള്ള കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, വീതിയുള്ള ഇലയുടെ രൂപകല്‍പ്പനയോടുകൂടിയ രണ്ട് വളകള്‍ (നാല് പവനോളം തൂക്കം വരും), മൂന്ന് പവന്റെ രണ്ട് സ്വര്‍ണ പിരിവള, ചുവപ്പ് കല്ല് പതിപ്പിച്ച വലിയ രണ്ട് കമ്മലും തൂക്കും, അഞ്ച് പവന്റെ സ്വർണ കുഴിമിന്നുമാല, പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും (എട്ട് ലക്ഷം രൂപ വിലവരുന്നത്), രണ്ട് പവന്റെ ഇലയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത മാട്ടി, ആറ് പവന്‍ തൂക്കമുള്ള റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വള, പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപ്പതക്കവും ചെയിനും, ഒരു പവന്‍ വീതം തൂക്കമുള്ള അഞ്ച് കുതിരപ്പവന്‍ നാണയങ്ങള്‍ എന്നിവയാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ബായി പതിവായി ഉപയോഗിക്കുന്നതുകൂടാതെ അവസാന രാജാവായ ചിത്തിര തിരുന്നാള്‍ ഇവര്‍ക്ക് സമ്മാനമായി നല്‍കിയ ആഭരണങ്ങളും പുരാതന ആഭരണങ്ങളും മോഷണംപോയവയുടെ കൂട്ടത്തിലുണ്ട്.
അതിനിടെ തിരുവനന്തപുരം നഗരത്തിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ചാലയിലെയും കിഴക്കേകോട്ടയിലെയും ജ്വല്ലറികളിലായിരുന്നു പ്രധാന അന്വേഷണം. ഇവിടെനിന്ന് തുമ്പൊന്നും ലഭിച്ചില്ല. ആഭരണങ്ങള്‍ പലപ്പോഴായി കടത്തിയതാണോ, ഇതില്‍ ജീവനക്കാര്‍ക്കു പങ്കുണ്ടോ, സി.സി ടി.വികള്‍ ഓഫ് ചെയ്യപ്പെട്ടോ, കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയവയാണ് അന്വേഷണപരിധിയില്‍ വന്നത്.
ഇതില്‍ കൊട്ടാരവുമായി സമ്പര്‍ക്കമുള്ള അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞിട്ടില്ല. കൊട്ടാരത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സന്ദര്‍ശനം നടത്തിയ പുറത്തുനിന്നുള്ളവരുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ മന്ദഗതിയിലായ അന്വേഷണം ഇനി വീണ്ടും ഊർജിതമാകും.
സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രധാന സാധ്യതയാകില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ കേസിനെ സഹായിക്കുന്ന യാതൊരു ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടില്ല. മോഷണം നടന്നെന്നും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി കന്റോണ്‍മെന്റ് എ.സി പറഞ്ഞു. മാസങ്ങള്‍ക്കുശേഷമുള്ള അന്വേഷണമായതിനാല്‍ വ്യക്തത വരാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

