വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷവും 40 പവനും കവര്ന്നു
text_fieldsമെഡിക്കല് കോളജ്: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപയും 40 പവൻ സ്വര്ണവും കവര്ന്നതായി പരാതി. ചാലക്കുഴി റോഡ് കേദാരം ലെയിനില് ഹൗസ് നമ്പര് 29-ല് താമസിക്കുന്ന സുധര്മ്മയുടെ (70) വീട്ടിലാണ് കവര്ച്ച നടന്നത്.
തിങ്കളാഴ്ച രാവിലെ വീട്പൂട്ടി ഇവര് പത്തനംതിട്ടയിലുളള ബന്ധുവീട്ടില് പോയ ശേഷം വൈകുന്നേരം 5.30 ഓടെ തിരികെ എത്തിയപ്പോഴാണ് കവര്ച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ പിറകുവശത്തെ വാതില് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള് അലമാരയില് സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും നാല്പ്പതു പവന്റെ സ്വര്ണവും കവര്ന്നതായി മെഡിക്കല് കോളജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലുണ്ടായിരുന്ന ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറും വെട്ടുകത്തിയും ഉപയോഗിച്ച് അലമാര തകര്ത്താണ് കവര്ച്ച നടത്തിയത്. വിരലടയാളവിദഗ്ധര് സ്ഥലത്തെത്തി തെളിവുകള് ശേഖരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.