സ്മാർട്ടാക്കാൻ ശ്രമിച്ച് 'കുള'മായി തലസ്ഥാനത്തെ റോഡുകൾ
text_fieldsസ്മാർട്ട് പദ്ധതിയുടെ ഭാഗമായി യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ വെട്ടിപ്പൊളിച്ച റോഡ്
തിരുവനന്തപുരം: മാസങ്ങളായി നഗരത്തിലെ പ്രധാന റോഡുകൾ മുഴുവൻ കുഴിച്ചിട്ടതല്ലാതെ കാര്യമായ ഒരു പുരോഗതിയുമില്ലാതെ സ്മാർട്ട് റോഡ് പദ്ധതി. തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് റോഡ് പദ്ധതിക്കായി റോഡുകൾ കുത്തിപ്പൊളിച്ചിട്ടിട്ട് നാളേറെയായി. ഈ റോഡുകൾ മരണക്കെണിയായി എന്നതൊഴിച്ചാൽ ഒച്ചിഴയുന്നത് പോലെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. സാധാരണതന്നെ ഏറെ തിരക്കനുഭവപ്പെടുന്ന റോഡുകളാണ് തിരുവനന്തപുരത്തേത്ത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമുണ്ടായാൽ പ്രധാന റോഡുകൾ മണിക്കൂറുകളോളം സ്തംഭിക്കുന്ന അവസ്ഥയാണ് അപ്പോഴെല്ലാം വാഹനയാത്രക്കാർക്ക് സഹായകമാകുന്നത് പല ബൈ റോഡുകളുമാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ഇത്തരം ബൈറോഡുകൾ എല്ലാം കുഴിച്ചിട്ടിരിക്കുന്നതിനാൽ ഈറോഡുകളിലൂടെ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്.
റോഡുകൾ കുഴിച്ചിട്ടെന്നല്ലാതെ ഇവിടങ്ങളിൽ അപകട മുന്നറിയിപ്പോ സുരക്ഷാവേലിയോ ഒരുക്കിയിട്ടില്ല. ഇതോടെ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീഴുന്നത് സ്ഥിരമായി. അതിന് പുറമെ ഇപ്പോൾ പെയ്യുന്ന മഴയിൽ റോഡുകളുടെ അപകടാവസ്ഥ രൂക്ഷമായിരിക്കുകയാണ്. കുഴികളിൽ വീണ് ജീവൻ പൊഴിയാനുള്ള സാധ്യതയും കൂടുതലാണ്. നഗരത്തിലെ മിക്ക റോഡുകളുടെയും അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. കുഴികൾക്ക് ഏകദേശം 12 അടി താഴ്ചയെങ്കിലും വരും. സാധാരണയായി നിര്‍മാണസമയത്ത് കെട്ടിയുണ്ടാക്കുന്ന വേലികളൊന്നും ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുമില്ല. ഈ കുഴികൾക്ക് അരികിലൂടെയാണ് പലപ്പോഴും സാഹസികമായി വാഹനങ്ങൾ ഓടുന്നത്. അൽപമൊന്ന് തെറ്റിയാൽ വാഹനങ്ങൾ കുഴിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണ്.
ആകെയുള്ളത് കുഴികള്‍ക്ക് ചുറ്റുമായി വെച്ചിരിക്കുന്ന ബോര്‍ഡുകൾ മാത്രമാണ്. ചെറിയൊരു കാറ്റടിച്ചാൽ ആ ബോർഡുകളും കുഴിയിലേക്ക് വീഴും. വിദ്യാലയങ്ങൾക്ക് മുന്നിലാണ് കുഴികളിൽ പലതും. മോഡൽ സ്കൂൾ, ആർട്സ് കോളജ്, സംഗീത കോളജ്, വിമൻസ് കോളജിന് സമീപം പനവിളയിലേക്ക് റോഡ്, വാൻറോസ് ജങ്ഷന് സമീപം, ജനറൽ ആശുപത്രിക്കും സെന്‍റ് ജോസഫ്സ് സ്കൂനും ഇടയിലുള്ള റോഡ്, സ്പെൻസർ ജങ്ഷനിൽനിന്ന് എ.കെ.ജി സെന്‍ററിലേക്കുള്ള റോഡ്, കോട്ടയ്ക്കകത്തുനിന്ന് കൈതമുക്കിലേക്കുള്ള റോഡ് അങ്ങനെ പോകുന്നു കുഴിച്ചിട്ടിരിക്കുന്ന റോഡുകൾ. ഇവയെല്ലാം തലസ്ഥാനത്തെ പ്രധാന റോഡുകളുമാണ്. ആശുപത്രികൾക്ക് സമീപമുള്ള റോഡുകളുടെ അവസ്ഥയും ഭിന്നമല്ല. രോഗികളുമായി എത്തുന്ന വാഹനങ്ങൾക്കുപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങി മണിക്കൂറുകൾ കിടക്കേണ്ട അവസ്ഥയാണ്. വീതി കുറഞ്ഞതിനൊപ്പം തന്നെ റോഡും മോശമായതോടെ പലയിടങ്ങളിലും വാഹനാപകടങ്ങള്‍ സ്ഥിരമാണ്. മഴ പെയ്തതോടെ പലയിടത്തെ കുഴികളിലും വെള്ളം നിറഞ്ഞു. മാസങ്ങളായി പണി തീരാതെ കുഴിക്കുള്ളില്‍ കിടക്കുന്ന കമ്പികള്‍ കൂടിയാകുമ്പോള്‍ അപകടസാധ്യതയേറുന്നു.
കലക്ടറുടെ അധ്യക്ഷതയിലെ സമിതി പരിശോധിക്കുംതിരുവനന്തപുരം: തലസ്ഥാനനഗരിയിലെ സ്മാർട്ട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ശക്തമായ സാഹചര്യത്തിൽ നിർമാണത്തിലെ വീഴ്ച പരിശോധിക്കാൻ സർക്കാർ നീക്കം ആരംഭിച്ചു. ഇതിനായി കലക്ടർ നവജ്യോത് ഖോസ അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തി.
തലസ്ഥാനത്തെ സ്മാർട്ടാക്കാൻ രൂപംനൽകിയ പദ്ധതിയെച്ചൊല്ലി പരസ്പരം പഴിചാരുന്ന അവസ്ഥയാണിപ്പോഴുള്ളത്. സ്മാർട്ട് റോഡ് നിർമാണത്തിൽ വീഴ്ച സംഭവിച്ചതായി ജനപ്രതിനിധികൾ ഉൾപ്പെടെ സമ്മതിക്കുന്നു. കരാർ കമ്പനിയുടെ പരിചയമില്ലായ്മയാണ് പദ്ധതിയെ ഇത്രയും ബാധിച്ചതെന്നുപറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയുകയാണ് അധികൃതർ. അതിന്‍റെ ദുരിതം മുഴുവൻ പേറാൻ വിധിക്കപ്പെട്ടത് ജനങ്ങളാണ്.
പദ്ധതിക്കെതിര ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാൽ അദ്ദേഹത്തിന്‍റെ അധ്യക്ഷതയില്‍ അടുത്തയാഴ്ച കാര്യങ്ങൾ വിലയിരുത്താൻ ഉന്നതല യോഗവും ചേരും. കരാര്‍ കമ്പനിക്ക് മുൻപരിചയമില്ലാത്തത് കൊണ്ടാണ് റോഡ് നിര്‍മാണത്തില്‍ വീഴ്ച പറ്റിയതെന്ന കുറ്റപ്പെടുത്തലാണ് തലസ്ഥാനത്തെ ജനപ്രതിനിധികളായ മന്ത്രിമാർ ഉൾപ്പെടെ നടത്തുന്നത്. റോഡിനായുള്ള സമയപരിധി തീർന്നിട്ടും ആസൂത്രണവും ഏകോപനവുമില്ലാത്തത് പ്രശ്നമാവുകയായിരുന്നു. നിലവിലെ സാഹചര്യം ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വീഴ്ച പരിശോധിക്കാനുള്ള സർക്കാർ തീരുമാനം.
ഓരോ ആഴ്ചയും കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി യോഗം ചേര്‍ന്ന് സ്മാര്‍ട്ട് റോഡ് നിര്‍മാണ പുരോഗതി വിലയിരുത്താനാണ് നിർദേശം. ടൈംടേബിള്‍ തയാറാക്കിയാകും ഇനി മുന്നോട്ടുള്ള പ്രവര്‍ത്തനം. ഒരേസമയം ധാരാളം റോഡുകള്‍ കുഴിക്കുന്നത് ഒഴിവാക്കും. മഴക്കാലത്തിന് മുമ്പ് കുഴിച്ചിട്ട റോഡുകള്‍ നിർമാണം പൂര്‍ത്തിയാക്കി മൂടും. ഗതാഗത ക്രമീകരണത്തിന് പൊലീസ് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. നിര്‍മാണത്തിലെ വീഴ്ചയും അശാസ്ത്രീയതയും പരിശോധിക്കാനും നടപടി സ്വീകരിക്കും.