ആക്രമണങ്ങള്‍, മോഷണം: സമാധാനം നഷ്ടപ്പെട്ട് കാട്ടാക്കട നിവാസികള്‍
text_fieldsകാട്ടാക്കട: താലൂക്ക് പ്രദേശത്ത് ക്രമസമാധാന നില തകരുന്നു. സംഘര്‍ഷങ്ങളും ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണങ്ങളും മോഷണങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. ഒരുവര്‍ഷത്തിനിടെ കാട്ടാക്കട, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കോടികളുടെ സ്വർണവും പണവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. വ്യാഴാഴ്ച രാത്രി കിള്ളി നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് മുന്നിൽ ഒരു സംഘം നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട, നെയ്യാര്‍ഡാം, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ലഹരിസംഘങ്ങളുടെ അക്രമങ്ങള്‍ പതിവായി. ജീവന് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഇതൊക്കെ പുറത്തറിയുന്നത്.
ലഹരി, മണ്ണ് മാഫിയകള്‍ പിടിമുറുക്കിയതോടെയാണ് പൊലീസ് നിഷ്ക്രിയമായി. മാറനല്ലൂരിൽ ക്രമസമാധാനനില തകർന്നിട്ട് നാളേറെയായി. ലഹരിക്ക് അടിമകളായ യുവാക്കളുടെ അഴിഞ്ഞാട്ടവും അസഭ്യവര്‍ഷവും നാട്ടുകാര്‍ക്ക് തലവേദനയായി. ലഹരി സംഘത്തിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ പൊലീസിൽനിന്ന് പലപ്പോഴും പ്രതികരണമുണ്ടാകാറില്ല.ഗ്രാമീണ മേഖലയില്‍ ലഹരി വിൽപനയും ഉപയോഗവും വർധിച്ചെന്ന നാട്ടുകാരുടെ പരാതികള്‍ ശരിവെക്കുന്ന തരത്തിലേക്കാണ് കിള്ളിയിലെ കൊലപാതകം വിരൽചൂണ്ടുന്നത്. പൊലീസിന്റെ ശ്രദ്ധ കാര്യമായി പതിയാത്ത പ്രദേശങ്ങളാണ് ഇപ്പോള്‍ കഞ്ചാവ് മാഫിയകളുടെ താവളം. കാട്ടാക്കട, കിള്ളി, പന്നിയോട്, കള്ളിയല്‍ പ്ലാന്റേഷന് -കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം എന്നിവിടങ്ങള്‍ ലഹരിമാഫിയകളുടെ വിഹാരകേന്ദ്രമാണ്.
ഇവിടെ പലതവണ ലഹരി മാഫിയയുടെ ആക്രമണത്തിന് പൊലീസും ഇരയായി. വാഹനങ്ങളിൽ അമിത വേഗതയില്‍ ഗ്രാമങ്ങളിലൂടെ ചീറിപായിക്കുന്ന സംഘം വഴിയാത്രക്കാര്‍ക്കും നാട്ടുകാര്ക്കുമുണ്ടാക്കുന്ന ദുരിതം ഏറെയാണ്. യുവാക്കളെ മുന്‍നിര്‍ത്തിയാണ് ലഹരി കച്ചവടം. രാത്രി കാറുകളിലും ബൈക്കുകളിലും എത്തുന്ന സംഘമാണ് പ്രദേശത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കൈമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. കോട്ടൂര്‍ നെല്ലിക്കുന്ന് പ്രദേശം വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ലഹരിവസ്തുക്കള്‍ സംഭരിക്കുന്നതിനും വിതരണത്തിനും ഉപയോഗിക്കാനും അനുയോജ്യമായ ഇടമാണ്കെ. എസ്.ആര്.ടിസി കാട്ടാക്കട വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളുള്‍പ്പെടെ ലഹരികേന്ദ്രങ്ങളായി. സ്റ്റേഷനോട് ചേര്‍ന്ന പ്രദേശത്തെ ലഹരി വിൽപന തടയാൻപോലും പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

