മേയറുടെ പി.എയ്ക്ക് 25,000 രൂപ പിഴ വിധിച്ച് വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: മേയറുടെ പി.എയ്ക്ക് 25000 രൂപ പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമിഷണർ. ചാരാച്ചിറ കുളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരാവകാശ വിവരങ്ങൾ നൽകാത്തതിനാണ് നിലവിൽ മേയർ ആര്യ രാജേന്ദ്രന്റെ പേഴ്സണൽ അസിസ്റ്റന്റായ ജി.എച്ച് നന്ദുവിനെതിരെ സംസ്ഥാന വിവരാവകാശ കമിഷണർ ഡോ. എം. ശ്രീകുമാർ 25,000 രൂപ പിഴ വിധിച്ച് ഉത്തരവിട്ടത്.
ജി.എച്ച് നന്ദു പാളയം സർക്കിൾ അസിസ്റ്റൻഡ് എൻജിനിയറായിരിക്കെയാണ് പുരാതനമായ ചാരാച്ചിറ കുളം നിയമവിരുദ്ധമായി ടൂറിസം അമിനിറ്റി സെന്റർ എന്നും റക്രിയേഷൻ ആക്ടിവിറ്റി സോൺ എന്നുമുള്ള പേരിൽ നവീകരിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശം തേടി പരാതിക്കാർ എത്തിയത്. മൂന്നര ഏറക്കോളം ഉണ്ടായിരുന്ന കുളം നവീകരണത്തിന്റെ പേരിൽ രണ്ട് ഏക്കറായി ചുരുക്കി. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കാനായി നൽകിയ വിവരാവകാശ അപേക്ഷക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ ചുമതല കൂടി ഉണ്ടായിരുന്ന നന്ദു കൃത്യമായ മറുപടി നൽകിയില്ല. ഇതിനെതിരെ പരാതിക്കാർ വിവരാവകാശ കമിഷനെ സമീപിച്ചു.
പലതവണ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അവഗണിക്കുകയും ഈ കാലയളവിൽ മറ്റൊരാളാണ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ ചുമതല വഹിച്ചിരുന്നതെന്ന് കമിഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് നന്ദുവിന് ഉയർന്ന പിഴത്തുകയായ 25000 രൂപ പിഴയൊടുക്കാൻ വിധിച്ച് ഉത്തരവായത്. പിഴ 90 ദിവസത്തിനകം ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിച്ച് അടയ്ക്കാനും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

