കെ.ടി.ഡി.സി ചൈത്രം ഹോട്ടല്‍ നവീകരണ ക്രമക്കേട്; ഉന്നതര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി
text_fieldsതിരുവനന്തപുരം: കെ.ടി.ഡി.സിക്ക് കീഴിലെ ചൈത്രം ഹോട്ടൽ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കടുത്ത അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്ത രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി.
നവീകരണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടിനെ തുടര്‍ന്ന് 2.86 കോടിയുടെ നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ലഘൂകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവീകരണത്തിന് മേല്‍നോട്ടം വഹിച്ച എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരായ കടുത്ത ശിക്ഷക്കുള്ള നടപടിയാണ് ലഘുശിക്ഷയായ താക്കീതില്‍ തീര്‍പ്പാക്കിയത്.
ഹോട്ടല്‍ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിലെ അപാകതകളാണ് നടപടിക്ക് ഇടയായത്. നിര്‍മാണത്തിലെ പിഴവുമൂലം കെട്ടിടത്തില്‍ വ്യാപക ചോര്‍ച്ചയും ടോയ്ലറ്റ് സംവിധാനത്തില്‍ തകരാറും സംഭവിച്ചെന്ന് കെ.ടി.ഡി.സി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൃത്യമായ മേല്‍നോട്ടമില്ലാതെയും പൊതുമരാമത്ത് മാന്വലിന് വിരുദ്ധമായി അളവുകള്‍ രേഖപ്പെടുത്തിയും ബില്ലുകള്‍ പാസാക്കിയെന്നും വിജിലന്‍സ് കണ്ടെത്തി. പ്രവൃത്തി നീണ്ടതു വഴി ഒമ്പതുമാസം മുറികള്‍ വാടകക്ക് നല്കാന് കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് 2.86 കോടിയുടെ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കടുത്ത അച്ചടക്ക നടപടി ആരംഭിച്ചെങ്കിലും പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നവീകരണം നടക്കുന്ന സമയത്ത് എന്‍ജിനീയറിങ് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന വാദം പരിഗണിച്ചു. നിർമാണത്തിലെ അപാകത കരാറുകാര്‍ സ്വന്തം ചെലവില്‍ പരിഹരിച്ചതായും ഇതിനാല്‍ കെ.ടി.ഡി.സിക്കോ സര്‍ക്കാറിനോ അധിക സാമ്പത്തിക ബാധ്യത വന്നിട്ടില്ലെന്നും കണ്ടെത്തി.
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം പരിശോധന നടത്തിയ സമയത്ത് മുറികളും ടോയ്ലറ്റുകളും നല്ല നിലയിലായിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ലഘൂകരിച്ചത്. തുടര്‍ന്നാണ് കഠിന ശിക്ഷ ലഘൂകരിച്ച്, 1960 ലെ കേരള സിവില്‍ സര്‍വിസസ് ചട്ടപ്രകാരം ‘താക്കീത്’നല്കി നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

