നവീകരിച്ച റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളമില്ല
text_fieldsകാട്ടാക്കട: കോടികള്‍ മുടക്കി നിർമിച്ച റോഡുകളുടെ സൈഡില്‍ കുഴിച്ചിട്ട കുടിവെള്ള പൈപ്പ് തുടർച്ചയായി പൊട്ടുന്നു. നാട്ടുകാരുടെ നിരന്തര പരാതികള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ നിർമിച്ച റോഡ് കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണിക്കായി കുഴിക്കാനിനി ഇടമില്ല. റോഡും തകർന്നു, കുടിവെള്ളവും കിട്ടുന്നില്ല എന്നതാണ് സ്ഥിതി. കോടികൾ മുടക്കി ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച റോഡ് മാസങ്ങൾ കഴിയും മുമ്പേ ജലഅതോറിറ്റി വെട്ടിക്കുഴിച്ചതോടെ യാത്രാക്കാരും ദുരിതത്തിലാണ്.
ആമച്ചൽ- ഇളവൻകോണം- ചായ്ക്കുളം റോഡാണ് ജല അതോറിറ്റിയുടെ കുഴിയെടുപ്പ് കാരണം ഗതാഗതയോഗ്യമല്ലാതായത്. റോഡിൻറെ ഒരു വശമാകെ കുഴിയാണ്. റോഡിന് വശത്തായി വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ട ജലഅതോറിറ്റിയുടെ ഗുണനിലവാരം കുറഞ്ഞ പൈപ്പ് പമ്പിങ് നടക്കുമ്പോൾ പൊട്ടും. ഒരിടത്ത് പൊട്ടി അറ്റകുകുറ്റപ്പണി നടത്തി അടുത്തദിവസം വേറൊരിടത്ത് പൊട്ടും. ഇതാണാവസ്ഥ.
പൊട്ടുന്നിടം കുഴിയെടുത്ത് നന്നാക്കിയശേഷം വെറും മണ്ണിട്ട് മൂടും. പിന്നാലെ മഴ പെയ്യുമ്പോൾ ഇവിടം കുഴിയായി തീരും. ഇങ്ങനെ കുഴിയെടുത്ത് ചായ്ക്കുളം വരെ റോഡിൻറെ രണ്ടുകിലോമീറ്ററോളം ഭാഗം ഒരുവശമാകെ കുഴിയായി.
റോഡ് തകർന്നതോടെ വഴിയാത്രക്കാർക്കും ദുരിതമാണ്. വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് ആമച്ചൽ, ഇളവൻകോണം, ചായ്ക്കുളം പ്രദേശങ്ങൾ. ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രവും ഈ റോഡിലാണ്. റോഡ് കുഴിക്കും മുമ്പ് ഗുണഭോക്താക്കളിൽ നിന്നും നിശ്ചിത തുക ജലഅതോറിറ്റി ഈടാക്കി പൊതു മരാമത്ത് വകുപ്പിന് അറ്റകുറ്റപ്പണിക്കായി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ റീട്ടാർ ചെയ്യാൻ പൊതു മരാമത്ത് വകുപ്പ് ശ്രമിക്കുന്നില്ല. അടിക്കടി പൊട്ടുന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റിയും തയ്യാറാകുന്നില്ല. നിലവാരം കുറഞ്ഞ പൈപ്പുകളിടുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

