നാട്ടുകാരുടെ ഉറക്കംകെടുത്തി പെരുമ്പാമ്പുകൾ കുടിയിറങ്ങുന്നു
text_fieldsവിതുര, കലുങ്ക് കെ.എസ്.ഇ.ബി ഓഫിസിന് സമീപം നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ രോഷ്നി പിടികൂടിയ 60 കിലോ ഭാരവും 12 അടിയോളം നീളവും വരുന്ന പെരുമ്പാമ്പ്
നെടുമങ്ങാട്: മലയോര മേഖലകളിൽ നിന്ന് പെരുമ്പാമ്പുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലേക്കിറങ്ങുന്നു. ജില്ലയിൽ വിതുര, വിനോബ നികേതൻ, ആര്യനാട്, ആനന്ദേശ്വരം, നെടുമങ്ങാട്, വെള്ളനാട് തുടങ്ങി പ്രദേശങ്ങളിലാണ് ഇവ ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചെറുതും വലുതുമായ ഒരു ഡസനോളം പെരുമ്പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം മാത്രം ഒറ്റ രാത്രിയിൽ നാലെണ്ണത്തെയാണ് വനം വകുപ്പ് ആർ.ആർ.ടി അംഗവും ബിറ്റ് ഫോറസ്റ്റ് ഓഫിസറുമായ രോഷ്നി പിടികൂടിയത്.
വിതുര, കലുങ്ക് കെ.എസ്.ഇ.ബി ഓഫീസിന് സമീപം നിന്ന് പിടികൂടിയ പെരുമ്പാമ്പിന് ഏതാണ്ട് 60 കിലോ ഭാരവും 12 അടിയോളം നീളവും വരും. ഇതിന് ഒരുദിവസം മുമ്പ് സമാന വലിപ്പത്തിലുള്ള പെരുമ്പാമ്പ് ഒരു നായയെ പിടികൂടികൊന്നു. നായയുടെ ദേഹത്ത് ചുറ്റിപ്പിണഞ്ഞ് വരിഞ്ഞുമുക്കിയ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടാൻ തുടങ്ങുന്നതിനിടെ നായയെ ഉപേക്ഷിച്ച് പാമ്പ് രക്ഷപ്പെട്ടു. അപ്പോഴേക്കും നായ ചത്തിരുന്നു.
പെരുമ്പാമ്പ് നായയെ പിടികൂടിയ നിലയിൽ
ആര്യനാട് പൊലീസ് സ്റ്റേഷന് സമീപം, തോളൂരിൽ ഒരു വീടിനടുത്തും, വിനോബയിൽ പറമ്പിൽ നിന്നുമാണ് പെരുമ്പാമ്പുകളെ വനം വകുപ്പ് എത്തി കഴിഞ്ഞ ദിവസം പിടികൂടിയത്. കൂടാതെ നെടുമങ്ങാട്, വെള്ളനാട് പ്രദേശങ്ങളിലും നിന്നും പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടിയിരുന്നു. മലയോര മേഖലകളോട് ചേർന്ന മറ്റ് ജില്ലകളിലും ജനവാസ മേഖലകളിലേക്ക് വ്യാപകമായി പെരുമ്പാമ്പുകൾ ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുന്നു. കാടുകൾക്കുള്ളിൽ വന്ന ആവാസ വ്യവസ്ഥയുടെ വ്യതിയാനവും ശക്തമായമഴയും, മലവെള്ളപാച്ചിലും ഒപ്പം, ഭക്ഷണക്ഷാമവുമാകാം കാരണമെന്നാണ് വനം വകുപ്പ് പറയുന്നത്.
ഭക്ഷണം തേടിയാണ് കൂടുതലായും പെരുമ്പാമ്പുകൾ എത്തുന്നത്. കോഴിക്കൂട്ടിൽ നിന്ന് കോഴികളെ പിടികൂടിയ നിലയിൽ നിരവധി പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടുന്നുണ്ട്. പെരുമ്പാമ്പുകൾ സാധാരണ അക്രമകാരികൾ അല്ലെങ്കിലും അക്രമകാരികളാകുന്ന അവസ്ഥയും ഇപ്പോൾ കാണുന്നുണ്ട്. അശാസ്ത്രീയമായ പാമ്പുപിടിത്തവും പാമ്പുകൾ അക്രമകാരികളാകുന്നതിന് കാരണമാകുന്നു. അങ്ങനെ കടിയേൽക്കുന്ന സംഭവങ്ങളും വർധിക്കുന്നു.
പെരുമ്പാമ്പുകൾക്ക് പുറമെ മൂർഖൻ അടക്കം മറ്റു പാമ്പുകളുടെ സാന്നിധ്യവും പലേടത്തും കാണുന്നുണ്ട്. കൂടാതെ പാമ്പുകടിയേറ്റുള്ള മരണവും ഇപ്പോൾ വീണ്ടും കൂടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

