രാഖി കൊലക്കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ
text_fieldsപ്രതികൾ
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകടയിൽ ചായക്കട നടത്തുന്ന രാജന്റെ മകൾ രാഖിമോളെ (30) കഴുത്തുെഞരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു കണ്ടെത്തി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ. നായർ (24), അഖിലിന്റെ സഹോദരൻ രാഹുൽ ആർ.
നായർ (27), സുഹൃത്ത് തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ (23) എന്നിവരാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയത്. 2019 ജൂൺ 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ അഖിൽ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കിവരവേ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന രാഖിമോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു.
രാഖിമോൾ
ഇവർ പ്രണയത്തിലായി. ഇതിനിടെ രാഖി അറിയാതെ അന്തിയൂർക്കോണം സ്വദേശിനിയുമായി അഖിൽ പ്രണയത്തിലാവുകയും ഇവരുമായുള്ള വിവാഹം നിശ്ചയിച്ചതിന്റെ ഫോട്ടോകൾ അഖിൽ േഫസ് ബുക്കിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാഖി വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാഖിമോളെ പൂവാറിലെ വീട്ടിൽനിന്ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്ക് അഖിൽ അനുനയത്തിൽ വിളിച്ചുവരുത്തി.
അമ്പൂരിയിലെ തന്റെ പുതിയ വീട് കാണിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറ്റി. അമ്പൂരിയിൽ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരെയും കയറ്റി. യാത്രക്കിടെ വാഹനത്തിലെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് രാഖിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഖിലിന്റെ തട്ടാമുക്കിലെ പുതുതായി പണിത വീടിന്റെ പിന്നിൽ നേരത്തേ തയാറാക്കിയ കുഴിയിൽ രാഖിയുടെ മൃതശരീരം നഗ്നയാക്കി ഉപ്പുപരലുകൾ വിതറി മണ്ണിട്ടുമൂടുകയും കമുകിൻതൈകൾ നടുകയും ചെയ്തു. തുടർന്ന് അഖിൽ ലഡാക്കിലേക്കും ആദർശും രാഹുലും ഗുരുവായൂരിലേക്കും പോയി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

