തമ്പാനൂരിൽ റെയിൽവേ മതിൽ ഇടിഞ്ഞുവീണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ മുറി തകർന്നു
text_fieldsതമ്പാനൂരിലെ ആർ.എം.എസിന് സമീപത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്കും ബസ്
സ്റ്റോപ്പിലേക്കും റെയിൽവേയുടെ മതിൽ തകർന്നുവീണപ്പോൾ -അരവിന്ദ് ലെനിൻ
തിരുവനന്തപുരം: തമ്പാനൂരിൽ റെയിൽവേയുടെ കൂറ്റൻ മതിലിടിഞ്ഞുവീണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ മുറിയും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നു. ജീവനക്കാരും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്.
വെള്ളിയാഴ്ച വൈകീട്ട് 5.10 ഓടെയാണ് ആർ.എം.എസിന് സമീപത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും മതിൽ ഇടിഞ്ഞ് വീണത്.
മതിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പതിച്ചെങ്കിലും യാത്രക്കാർ ഓടി മാറുകയായിരുന്നു. കല്ലുകൾ വീണ് ജീവനക്കാരിൽ ഒരാളുടെ ബൈക്കും വഴിയാത്രക്കാരന്റെ സൈക്കിളും തകർന്നിട്ടുണ്ട്.
റെയിൽവേയുടെ ഭാഗമായുള്ള മതിൽ ഏത് നിമിഷവും ഇടിഞ്ഞുവീണേക്കാമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി പലതവണ അധികൃതർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ ഉന്നതല ഉദ്യോഗസ്ഥർ രണ്ടുവർഷം മുമ്പ് സ്ഥലം സന്ദർശിക്കുകയും മതിൽ പൊളിച്ചുപണിയാമെന്ന് കെ.എസ്.ആർ.ടി.സിക്ക് ഉറപ്പ് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറി. ഇതിന് പിന്നിൽ മതിൽ ഇടിഞ്ഞുവീണ ഭാഗവും കാണാം
വെള്ളിയാഴ്ച സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ നാല് ജീവനക്കാർ ജോലി നോക്കുന്നതിനിടയിലാണ് ഇവരുടെ പിന്നിലൂടെ മതിൽ ഇടിഞ്ഞു വീണത്. മാസങ്ങൾക്ക് മുമ്പ് ശുചീകരണ തൊഴിലാളി ജോയിയുടെ മരണം സംഭവിച്ച ആമയിഴഞ്ചാൽ തോടിന് സമീപത്താണ് മതിൽ. ജോയിയുടെ മരണശേഷവും മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേ അനാസ്ഥ തുടരുകയാണ്. സ്ഥലത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടി.
കാലപ്പഴക്കത്തിന് പുറമേ വലിയ തോതിൽ മതിലിനോട് ചേർന്ന് മാലിന്യം കുന്നുകൂടിയതുമാണ് ഇടിയാനുള്ള കാരണങ്ങളിലൊന്ന്. റെയിൽവേ കോമ്പൗണ്ടിലുള്ള മരത്തിന്റെ വേര് മതിലിലേക്ക് ആഴ്ന്നിറങ്ങിയതും പ്രശ്നം ഗുരുതരമാക്കിയതായും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

