സംരക്ഷണ വേലി വേണമെന്ന് ആവശ്യം; അപകട ഭീഷണിയായി പാറമടയിലെ കുളങ്ങള്‍
text_fieldsമാറനല്ലൂര്‍ പഞ്ചായത്തിലെ പൊതുശ്മശാന റോഡിന് സമീപമുള്ള പാറക്കുളം
കാട്ടാക്കട: കാട്ടാക്കട- മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആശുപത്രിക്ക് സമീപത്തും പൊതുശ്മശാന റോഡിലും ഉള്ള പാറമട കുളങ്ങള്‍ക്ക് സംരക്ഷണ വേലി വേണമെന്ന ആവശ്യം ശക്തമാകുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന പാറക്കുളങ്ങള്‍ വേലി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപകടങ്ങള്‍ നടക്കുമ്പോള്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തുന്നതല്ലാതെ യാതൊരു നടപടിയുമില്ല.
പാറക്കുളങ്ങള്‍ അപകടങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ മാലിന്യ നിക്ഷേപകേന്ദ്രവുമായി തീര്‍ന്നിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ, മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത് പഞ്ചായത്ത് അധികൃതര്‍ തടഞ്ഞിരുന്നു. പാറക്കുളങ്ങളില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് പഞ്ചായത്ത് അധികൃതർ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ലെന്നാണ് പരാതി.
മാറനല്ലൂര്‍ പൊതുശ്മശാന റോഡിന് വശത്തായി രണ്ട് പാറക്കുളങ്ങളുണ്ട്. ഇത് ശ്മശാനത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പലപ്പോഴും ഭീഷണിയാകുന്നുണ്ട്. വീതി കുറഞ്ഞ റോഡില്‍ രണ്ട് വാഹനങ്ങള്‍ എത്തിയാല്‍ അപകടത്തില്‍പ്പെടാതെ കടന്നുപോകുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടുകൂടി ശ്മശാന വളപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിയില്‍ കുളത്തിന്റെ സംരക്ഷണം ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ശ്മശാനവളപ്പില്‍ വിവിധതരം ചെടികളും മരങ്ങളും മാത്രമാണ് വെച്ച് പിടപ്പിക്കാനായത്.
ആരോഗ്യ കേന്ദ്രത്തിന് സമീപത്തായുള്ള പാറക്കുളം മണ്ണും ആശുപത്രി മാലിന്യങ്ങളുമിട്ട് നികത്താന്‍ സ്വകാര്യ വ്യക്തി ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മലവിള നിവാസികള്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുളള ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തുകയും നികത്താനുള്ള ശ്രമം തടയുകയും ചെയ്തു. വൻതോതിൽ മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ കുളത്തില്‍ തള്ളിയെന്ന നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ പഞ്ചായത്ത് അധികൃതര്‍ കുളത്തിലെ ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാറമട ഉടമക്കെതിരേ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്കി. അനധികൃതമായി കുളം നികത്താന്‍ ശ്രമിച്ചതിന് ഉടമക്കെതിരെ പഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടെങ്കിലും കുളത്തില്‍ തള്ളിയ മാലിന്യം ഇതു വരെ നീക്കം ചെയ്യാതെ കിടക്കുകയാണ്.

