മെഡിക്കൽ കോളജിൽ ഇന്ന് പ്രതിഷേധം; നഴ്സിങ് ഓഫിസർക്കുനേരെ കൂട്ടിരിപ്പുകാരന്റെ അതിക്രമം
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ നഴ്സിങ് ഓഫിസറെ ആക്രമിച്ചതായി പരാതി. ഞായറാഴ്ച വൈകീട്ട് നാലരക്കായിരുന്നു സംഭവം. 28ാം വാർഡിലെ നഴ്സിങ് ഓഫിസർ പ്രസീതക്കു നേരെയായിരുന്നു അതിക്രമം. ഇതേ വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരനാണ് അസഭ്യവർഷവും അതിക്രമവും നടത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തി കേസെടുക്കും. രോഗിയുടെ കൂട്ടിരിപ്പുകാരനായ പൂവാർ സ്വദേശി അനുവാണ് അതിക്രമം നടത്തിയത്. ഉച്ചക്കുശേഷം മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഡ്രിപ് ഇടാൻ വൈകിയെന്നുപറഞ്ഞായിരുന്നു അതിക്രമം.
അസഭ്യവർഷത്തിനു പിന്നാലെ, ഇയാൾ നഴ്സിങ് ഓഫിസറുടെ കൈയിൽ പിടിച്ചു വലിച്ചു. കൈ വിടാനാവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിച്ചില്ല. മറ്റു കൂട്ടിരിപ്പുകാർ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്. തിരികെ മടങ്ങിയ പ്രസീതയെ പിന്തുടർന്നും ഇയാൾ മോശമായി പെരുമാറി.
കൂടെയുള്ള ജീവനക്കാരെത്തിയതോടെ ഇയാൾ പിന്മാറി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി. അതിക്രമം നടത്തിയ കൂട്ടിരിപ്പുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നഴ്സിങ് ഓഫിസറെ കൂട്ടിരിപ്പുകാരൻ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഗവ. നഴ്സസ് യൂനിയൻ തിങ്കളാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കും.

