സെക്രട്ടേറിയറ്റ് മന്ദിര നവീകരണം; മാസ്റ്റര്‍ പ്ലാന്‍ വേഗത്തിലാക്കാന്‍ ശിപാര്‍ശ
text_fieldsതിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ വേഗത്തില്‍ തയാറാക്കണമെന്ന് പൊതുഭരണ അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിന്റെ ശിപാര്‍ശ.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ തലത്തിൽ തുടങ്ങി.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ വിപുലീകരണ നടപടികള്‍ വേഗത്തിലാക്കാനും ശിപാര്‍ശയുണ്ട്. നഗരമധ്യത്തിലെ സെക്രട്ടേറിയറ്റ് മന്ദിരം പൈതൃക സ്മാരകമായി നിലനിര്‍ത്തി സെക്രട്ടേറിയറ്റ് നഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഭരണപരിഷ്കാര കമീഷന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ജീവനക്കാരുടെ സംഘടനകള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയായിരുന്നു. ഇതിനിടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയണമെന്ന നിര്‍ദേശം ഉയർന്നത്.
സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയല്‍ റണ്‍ നടത്തിയശേഷം പ്രവര്‍ത്തനസജ്ജമാക്കാനും യോഗം തീരുമാനിച്ചു. തുടര്‍ നടപടിക്കായി പൊതുഭരണ ഹൗസ്കീപ്പിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഗാര്‍ഹിക മാലിന്യങ്ങള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കൊണ്ടുതള്ളുന്ന ജീവനക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
ഉപയോഗശൂന്യമായ നിരവധി വാഹനങ്ങള്‍ പരിസരത്ത് കൂട്ടിയിട്ടിട്ടുണ്ട്. ഇവ നീക്കംചെയ്യാനും നടപടി വേണം.
ഇവ കാരണം പാര്‍ക്കിങ്ങിന് സ്ഥലം ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. പഞ്ചിങ് മെഷീനുകള്‍ക്ക് സമീപം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

