Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രിയദർശിനി...

പ്രിയദർശിനി പ്ലാനറ്റേറിയം; എതിർപ്പ് മറികടന്ന് കെട്ടിടം ഏറ്റെടുത്തു

text_fields
bookmark_border
പ്രിയദർശിനി പ്ലാനറ്റേറിയം; എതിർപ്പ് മറികടന്ന് കെട്ടിടം ഏറ്റെടുത്തു
cancel
camera_alt

പ്ലാ​നറ്റോ​റി​യം കാ​മ്പ​സി​ലെ കെ​ട്ടി​ടം

തിരുവനന്തപുരം: പ്രതിഷേധങ്ങളും വിയോജിപ്പുകളും കനക്കുന്നതിനിടെ ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിലെ (പ്ലാനറ്റേറിയം) സുപ്രധാന കെട്ടിടം ഏകപക്ഷീയമായി ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ജൂലൈ 16 മുതൽ കൗൺസിൽ ഏറ്റെടുത്തതായി കാട്ടി കെട്ടിടം കവാടത്തിൽ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഓഫിസ് മാറ്റ നടപടികൾ ആരംഭിച്ചത്. പ്ലാനിറ്റേറിയം തങ്ങളുടെ തനത് ഫണ്ടിൽനിന്ന് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനം നടത്തുകയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഏറ്റെടുക്കൽ.

കെട്ടിടത്തിൽ ത്രീഡി തിയേറ്ററിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. കെട്ടിട മാറ്റത്തോടെ ഇതെല്ലാം അനിശ്ചിതത്വത്തിലായി. നവീകരണത്തിന് മുമ്പ് കെട്ടിടത്തിൽ നാല് ശാസ്ത്ര ഗാലറികളാണ് പ്രവർത്തിച്ചിരുന്നത്. നിലവിൽ അവിടെയുണ്ടായിരുന്ന പ്രദർശന വസ്തുക്കളും സാമഗ്രികളും സുരക്ഷിതമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നവീകരണ ജോലികൾ പൂർത്തിയാവുന്നതോടെ ഇവയെല്ലാം പുനഃസ്ഥാപിക്കാനും പൂർവ്വാധികം ഭംഗിയോടെ പുതിയ ഗാലറികൾ ആരംഭിക്കാനും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിരിക്കെയാണ് കെട്ടിടം നഷ്ടപ്പെട്ടത്.

‘ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’, ’കേരള കാമ്പസ് ഡൈവേഴ്സിറ്റി മിഷൻ’ എന്നീ പേരുകളിൽ രണ്ട് പോസ്റ്ററുകളും ഏറ്റെടുത്ത കെട്ടിടത്തിൽ കൗൺസിൽ പതിപ്പിച്ചു. വിദ്യാർഥികൾക്കടക്കം തലമുറകൾക്ക് ശാസ്ത്രവിജ്ഞാനീയങ്ങൾ സമ്മാനിക്കുന്ന പ്ലാനിറ്റേറിയത്തെ വെട്ടിമുറിച്ച ശേഷമാണോ ‘സയന്റിഫിക് ടെമ്പർ’ യാഥാർഥ്യമാക്കുന്നത് എന്ന ചോദ്യവും തലസ്ഥാനത്തെ ശാസ്ത്ര സമൂഹം ഉന്നയിക്കുന്നു. 2023ലെ സർക്കാർ തീരുമാനപ്രകാരം കാമ്പസിലെ 48.8 സെന്റ് ഭൂമി ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സ്ഥിരാവകാശ പാട്ടമായി കൈമാറിയിരുന്നു.

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം നിഷ്കർഷിക്കുന്നത് പ്രകാരം കാറ്റഗറി-ഒന്നിൽ ഉൾപ്പെടുന്ന ശാസ്ത്ര മ്യൂസിയങ്ങൾക്ക് ചുരുങ്ങിയത് ഏഴ് ഏക്കർ സ്ഥല വിസ്തൃതി വേണം. 2023ലെ വെട്ടിമുറിക്കലിന് ശേഷം 4.2 ഏക്കറായി ചുരുങ്ങിയ തലസ്ഥാനത്തെ പ്ലാനറ്റേറിയത്തിൽ നിലവിൽ ഗാലറികളും സന്ദർശക സൗകര്യങ്ങളും വികസിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വിദ്യാർഥികൾക്കായുള്ള ശാസ്ത്രവിദ്യാഭ്യാസവും മ്യൂസിയത്തിന്റെ ഭാവി വികസനവും മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള എ.ഐ, നാനോ ടെക്നോളജി, ബയോ ടെക്നോളജി, ഓഷ്യൻ സയൻസ്, എമേർജിങ് ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ഗാലറികളും ഡോം സിനിമ, ഫ്ലയിങ് തിയേറ്റർ തുടങ്ങിയ പദ്ധതികളും സ്ഥലപരിമിതി മൂലം പ്രതിസന്ധിയിലാകും.

ചട്ടം മറികടന്നു; കെട്ടിടമേറ്റെടുക്കൽ ഗവേണിങ് ബോർഡ് അനുമതിയില്ലാതെ

അടിസ്ഥാന സൗകര്യം സംബന്ധിച്ച കടുത്ത ആശങ്കകൾക്കൊപ്പം തന്നെ കെട്ടിട കൈമാറ്റത്തിലെ നടപടിക്രമങ്ങളിലും വീഴ്ച സംഭവിച്ചതായി ആരോപണം. 1981ൽ പ്ലാനറ്റേറിയത്തിന്റെ രൂപീകരണത്തിനും പ്രവർത്തനത്തിനുമായി തയാറാക്കിയ അടിസ്ഥാന രേഖയായ ‘മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ’ പ്രകാരം മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവും ജംഗമവുമായ എല്ലാ സ്വത്തുക്കളും ഗവേണിങ് ബോർഡിൽ നിക്ഷിപ്തമാണ്.

വസ്തുവകകൾ വാങ്ങാനോ, വിൽക്കാനോ, കൈമാറ്റം ചെയ്യാനോ, പാട്ടത്തിന് നൽകാനോ ആവശ്യമായ തീരുമാനങ്ങൾ എടുക്കാനും അതുമായി ബന്ധപ്പെട്ട കരാറുകളിലും പ്രമാണങ്ങളിലും ഒപ്പുവെക്കാനും ഗവേണിങ് ബോർഡിന് മാത്രമേ അധികാരമുള്ളൂ. മ്യൂസിയത്തിന്റെ വസ്തുവകകൾ കൈകാര്യം ചെയ്യാനും അവ നിയന്ത്രിക്കാനുമുള്ള അവകാശം 17 അംഗങ്ങളുള്ള ബോർഡിനുണ്ട്. ഈ ബോർഡ് വർഷത്തിൽ ഒരുവട്ടമെങ്കിലും ചുരുങ്ങിയത് ചേരണം. ഗവേണിങ് ബോഡിയുടെ തീരുമാനമില്ലാതെ മ്യൂസിയത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കൈമാറ്റം ചെയ്യാൻ സാധിക്കില്ല.

വസ്തുത ഇതായിരിക്കെ, പ്ലാനറ്റേറിയത്തിലെ സുപ്രധാന മന്ദിരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത് ഗവേണിങ് ബോഡിയുടെ അനുമതിയോ തീരുമാനമോ ഇല്ലാതെയാണ്. മരാമത്ത് വകുപ്പിന് കെട്ടിടം അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയത് പ്ലാനറ്റേറിയമാണ്. ചട്ടപ്രകാരം ജോലികൾ പൂർത്തിയായാൽ മരാമത്ത് വകുപ്പ് പ്ലാനറ്റേറിയത്തിന് കെട്ടിടം തിരികെ കൈമാറണം. ഇത്തരം വ്യവസ്ഥാപിത നടപടിക്രമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മുമ്പെയാണ് കെട്ടിടം കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ദൗത്യങ്ങൾ പ്രധാനമായും നയരൂപീകരണം, ഗവേഷണ ഏകോപനം, ഭരണനിർവഹണം എന്നിവ കേന്ദ്രീകരിച്ചുള്ള ഓഫിസ് പ്രവർത്തനങ്ങളാണ്. കൗൺസിലിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നവരാണ്.

അതിനാൽ, കൗൺസിലിന് പ്രധാനമായും ആവശ്യമായത് ഓഫിസ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കെട്ടിട സൗകര്യമാണ്. മറുവശത്ത്, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും നേരിട്ട് സേവനം നൽകുന്ന സജീവ ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമാണ്. ഗാലറികൾ, പ്രദർശന വസ്തുക്കളുടെ നിർമാണ-പരിപാലന വർക്ക് ഷോപ്പുകൾ, സ്റ്റോർ സൗകര്യങ്ങൾ, വിദ്യാർഥികളുടെ ഭക്ഷണശാല, പൊതുശൗചാലയങ്ങൾ, വാഹന പാർക്കിങ്, തുറസ്സായ പ്രദർശന മേഖലകൾ തുടങ്ങിയ വിപുലമായ അനുബന്ധ സൗകര്യങ്ങൾ മ്യൂസിയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. ഇത്തരത്തിൽ പ്രദർശന സ്വഭാവത്തിൽ അടിസ്ഥാന സൗകര്യമുള്ള കെട്ടിടമാണ് ഓഫിസ് പ്രവർത്തനങ്ങൾക്കായി മാറ്റുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingplanetariumoppositionOvercomePriyadarshini
News Summary - Priyadarshini Planetarium; Building acquired despite opposition
Next Story