രാജ്യം ഭരിക്കുന്നവർ ‘മനുസ്മൃതി’ മാത്രമേ വായിച്ചിട്ടുള്ളൂ -പ്രകാശ് രാജ്
text_fieldsകേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത്
തിരിച്ചുപോകുമ്പോൾ നടൻ പ്രകാശ് രാജ് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി. ശിവൻകുട്ടി, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ, ശ്രീലങ്കൻ സാഹിത്യകാരി
വി.വി. പദ്മസീലി എന്നിവർ സമീപം
തിരുവനന്തപുരം: രാജ്യം ഭരിക്കുന്നവർ ‘മനുസ്മൃതി’എന്ന ഒറ്റ പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് പ്രകാശ് രാജ്. മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വര്‍ഷങ്ങൾ പഴക്കമുള്ള പുസ്തകം യാഥാര്‍ഥ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള് സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിക്കുന്നു. കലയും സംസ്കാരവും സിനിമയും നാടകവും സാഹിത്യവുമാണ് മുറിവുകളുണക്കിയതും പ്രതിരോധത്തിന് കരുത്ത് നല്കിയതും ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തിന്റെ മരുമകന് എന്നൊരു പേരുകൂടി തനിക്ക് വീണെന്നും പ്രകാശ് രാജ് പറഞ്ഞു. രാജ്യത്ത് ഒരു നിയമസഭയും മുന്‍കൈയെടുക്കാത്ത പുസ്തകോത്സവം നടത്തി വിജയിപ്പിക്കാനായത് കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലോക പുസ്തക തലസ്ഥാനമാക്കുന്നതിന് യുനെസ്കോയുമായി ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ അഭ്യർഥിച്ചതിനെ തുടര്‍ന്നു നടപടികള്‍ ആരംഭിച്ചിട്ടുണ്ടന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
സംസ്ഥാനത്ത് 37 ലക്ഷത്തോളം വിദ്യാർഥികള്‍ പൊതുവിദ്യാഭ്യാസത്തിന് കീഴിലുണ്ടെന്നും അവരെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2026 ജനുവരി ഏഴ് മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ശ്രീലങ്കന്‍ എഴുത്തുകാരി വി.വി. പത്മസീലി മുഖ്യാതിഥിയായി. പ്രകാശ് രാജിനും പത്മസീലിക്കും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉപഹാരങ്ങള്‍ കൈമാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണ കുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

