പോത്തൻകോട് കൊലപാതകം: ഞെട്ടൽ മാറാതെ നാട്ടുകാർ
text_fieldsപോത്തൻകോട്: പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന് ആഹ്ലാദപ്രകടനം നടത്തുന്ന കാഴ്ച കണ്ട ഞെട്ടൽ നാട്ടുകാർക്ക് ഇനിയും മാറിയില്ല. മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ കൊലപാതകമായിരുന്നു പോത്തൻകോട് കല്ലൂരിൽ നടന്നത്. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഉച്ചയോടെ എത്തിയ സംഘം സുധീഷ് ഒളിവിൽ കഴിഞ്ഞ വീട്ടിലേക്കുള്ള പാതയോരത്ത് വാഹനങ്ങൾ ഒതുക്കിയിട്ടശേഷം മുന്നൂറ് മീറ്റർ ദൂരം നടപ്പാത വഴി നടന്നെത്തിയാണ് കൃത്യം നടത്തിയത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവർ പുറത്തുണ്ടായിരുന്നെങ്കിലും അക്രമിസംഘം പടക്കമെറിഞ്ഞ് ഭീതി പരത്തിയതോടെ സ്ഥലവാസികൾ വീടുകളിൽ കയറി വാതിലടച്ചു. കൃത്യം കഴിഞ്ഞ് സംഘം ഏറെനേരം സ്ഥലത്ത് പരിഭ്രാന്തിപരത്തിയ ശേഷമാണ് മടങ്ങിയത്.
ചെമ്പകമംഗലത്ത് കയറ്റിറക്ക് തൊഴിലാളിയായിരുന്ന സുധീഷ് കേസിൽപെട്ടതോടെയാണ് പോത്തൻകോട് കല്ലൂരിലെ അമ്മയുടെ കുടുംബവീട്ടിൽ ഒളിവിൽ കഴിഞ്ഞത്. ഇവിടെ കൂലിപ്പണി ചെയ്തുവരികയായിരുന്നു. പണിയില്ലാത്തതിനാൽ വീട്ടിൽതന്നെ ഉണ്ടായിരുന്നു. അടുത്തകാലത്ത് ആറിങ്ങലിന് സമീപം മങ്ങാട്ടുമൂലയിൽ സുധീഷും അനുജനും ഉൾപ്പെട്ട അഞ്ചംഗസംഘം വീടാക്രമിച്ച് രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. അതിനെ തുടർന്നുള്ള കുടിപ്പകയാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
മംഗലപുരം, പോത്തൻകോട് കേന്ദ്രമാക്കി മയക്കുമരുന്ന് സംഘാംഗങ്ങൾ അഴിഞ്ഞാടിയിട്ടും അധികൃതർ നടപടി എടുത്തില്ല. പ്രതിസ്ഥാനത്തുള്ള ഒട്ടകം രാജേഷ് പോത്തൻകോട് മൊബൈൽ ഷോപ് നടത്തിപ്പുകാരെൻറ കൈവെട്ടിയ കേസിൽ പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയുമാണ്. രാഷ്ട്രീയ പാർട്ടികളുടെ സഹായികളാണിവർ. സുധീഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രതികൾക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്. പ്രതികൾ സഞ്ചരിച്ച ഓട്ടോയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. കാറിെൻറ നമ്പറാണ് ഓട്ടോയിൽ പതിച്ചിരുന്നത്. സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

