പൂവാർ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി
text_fieldsവിഴിഞ്ഞം: പൂവാറിൽനിന്ന് മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. പൂവാർ എരിക്കലുവിള പുരയിടത്തിൽ പനത്താസൻ - ക്രിസ്തീനയമ്മ ദമ്പതികളുടെ മകൻ ജോനാസി(33)നെയാണ് കാണാതായത്. പൂവാറിൽനിന്ന് നാല് വള്ളങ്ങളിലായി മത്സ്യ ബന്ധനത്തിന് തിരിച്ച 16 പേർ അടങ്ങുന്ന സംഘത്തിലെ അംഗമാണ്.
കരയിൽ നിന്നും 4 നോട്ടിക്കൽ മൈൽ അകലെ മീൻ പിടിക്കുന്നതിനിടെയാണ് ജോനാസിനെ കടലിൽ കാണാതായതെന്ന് പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മടങ്ങിയെത്തിയ സംഘം പൂവാർ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് തീരദേശ പൊലീസും തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെൻറും മത്സ്യതൊഴിലാളികളുടെ സംഘവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോനാസ് അവിവാഹിതനാണ്. റോബിൻ, സജി, ഷാജിയ എന്നിവർ സഹോദരങ്ങളാണ്.

