പൂന്തുറ: ദുരന്തങ്ങളുടെ കാർമേഘങ്ങൾ ഒാർക്കാപ്പുറത്ത് വന്നുനിറയുന്നത് പതിവുള്ള തീരത്ത് ബുറെവിയുടെ മുന്നറിയിപ്പും സൃഷ്ടിച്ചത് ആശങ്കയുടെ ദിനരാത്രങ്ങൾ. കടലിൽ പോകാനാവാതെ രണ്ട് ദിവസമായി തീരത്ത് കഴിയുകയാണ് മത്സ്യത്തൊഴിലാളികൾ. വള്ളവും വലകളുമെല്ലാം തീരത്തുനിന്ന് മാറ്റി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.
ഓഖി സമയത്ത് കൃത്യമായ മുന്നറിയിപ്പ് കിട്ടാത്തതുകാരണം നിരവധി ജീവനുകളാണ് കടലിൽ പൊലിഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കടലിലെ ഏതൊരു ചെറിയ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികൾ ഗൗരവമായി എടുക്കുന്നു. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോയവരെയെല്ലാം കഴിഞ്ഞദിവസം തന്നെ കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്കി തീരെത്തത്തിച്ചു. തീരദേശമേഖലകളില്‍ എന്‍.ഡി.ആര്.എഫ് സംഘം വ്യാഴാഴ്ച രാവിലെ തന്നെ എത്തിയിരുന്നു. ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ വ്യോമ സേനയുടെ ആക്കുളം ആസ്ഥാനവും ശംഖുംമുഖത്തെ വ്യോമസേന താവളവും സജ്ജമാണ്.
കോസ്റ്റ് ഗാര്‍ഡിെൻറ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞം തീരത്തേക്ക് എത്തി. നിരീക്ഷണ പറക്കലിനായി വിമാനങ്ങളും സജ്ജമാക്കി. ചുഴലിക്കാറ്റിെൻറ ഭാഗമായി കടലാക്രമണം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്ത് തീരവുമായി കൂടുതല്‍ അടുത്ത് താമസിക്കുന്നവരോട് തൽക്കാലം മാറിത്താമസിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളക്കട്ടുണ്ടായാല് ജലമൊഴുകിപ്പോകാന്‍ പൂന്തുറയിലും വേളിയിലെയും പൊഴിമുഖങ്ങള്‍ തുറന്നു.