മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കുഴങ്ങുന്നു
text_fieldsതിരുവനന്തപുരം: മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കുഴങ്ങുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിന് കൂട്ടിരിക്കാൻ എത്തിയ മാനസിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന യുവതി പീഡനത്തിന് ഇരയായ സംഭവത്തിലാണ് പ്രതികളെ കണ്ടെത്താനാവാതെ പൊലീസ് കുഴങ്ങുന്നത്. വ്യാഴാഴ്ച ഉച്ചയോടെ മാതാവിന് ആഹാരം വാങ്ങാനായി റോഡിലേക്ക് നടന്ന യുവതിയെ രണ്ടുപേർ കാറിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചെങ്കിലും യുവതിയിൽനിന്ന് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാനസിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനാൽ വെള്ളിയാഴ്ച യുവതിയുടെ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായത്തോടെ ശനിയാഴ്ച യുവതിയുമായി പൊലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി മൊഴിയെടുത്തെങ്കിലും വസ്തുതകൾ പലതും പരസ്പരവിരുദ്ധമാണെന്നാണ് സൂചന.
യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന സ്ഥലത്തും പരിസരത്തും നിരീക്ഷണ കാമറകൾ ഇല്ലാത്തതും അന്വേഷണത്തിന് തിരിച്ചടിയായി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങളിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

