അടി തുടങ്ങി, കേസുകളും; ജാഗ്രതയില്ലാതെ സ്പെഷൽ ബ്രാഞ്ചും പൊലീസും
text_fieldsതിരുവനന്തപുരം: നഗരഭരണം പിടിക്കാൻ മൂന്ന് മുന്നണികളും അവർക്കൊപ്പം സ്വന്ത്രന്മാരും അപരന്മാരും രംഗത്തിറങ്ങിയതോടെ പലയിടങ്ങളിലും പൊട്ടലും ചീറ്റലും തുടങ്ങി. കഴിഞ്ഞ ദിവസം കണ്ണമൂലയിലെ സ്വതന്ത്ര സ്ഥാനാർഥിക്കും സുഹൃത്തുകൾക്കും വഞ്ചിയൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റിനും മർദനമേറ്റതാണ് ഒടുവിലത്തെ സംഭവം.
മ്യൂസിയം സ്റ്റേഷന് വിളിപ്പാടകലെ തൊഴിൽ ഭവനിനകത്ത് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറുടെ മുന്നിലിട്ടാണ് ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ എഫ്.ഐ.ആർ ഇട്ടതല്ലാതെ കുറ്റക്കാർക്കെതിരെ യാതൊരു തുടർ നടപടിയും മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് മ്യൂസിയം സ്റ്റേഷൻ പരിധിയിലുള്ള തൊഴിൽ ഭവനിൽ പത്രികയുടെ സൂക്ഷ്മ പരിശോധനക്കായി എത്തിയ കണ്ണമൂല സ്വതന്ത്രസ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ വിമൽ ജോസ്, സുഹൃത്തും പ്രസ് ക്ലബ് സെക്രട്ടറിയുമായ പി.ആർ. പ്രവീണിനെയും വഞ്ചിയൂരിലെ ഇടതുസ്ഥാനാർഥിയുടെ നേതൃത്വത്തിൽ എത്തിയ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചത്. ഉദ്യോഗസ്ഥരും സ്ത്രീകളുമടക്കം നൂറോളം പേരെ സാക്ഷിയാക്കിയായിരുന്നു അസഭ്യവർഷവും മർദനവും. ഇതിന് ശേഷം തിരികെ മടങ്ങാൻ നേരമാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് എ.കെ. നിസാറിനെയും ഓഫീസ് വളപ്പിലിട്ട് മർദിച്ചത്.
കോർപറേഷനിലെ 30 വാർഡുകളിലെ സ്ഥാനാർഥികളുടെ പത്രിക സമർപ്പിക്കേണ്ടത് ജില്ല ലേബർ ഓഫിസറും റിട്ടേണിങ് ഓഫീസറുമായ ബിജുവിന്റെ ഓഫിസിലായിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർഥികളും ഇവർക്കെതിരെ മത്സരിക്കുന്ന സ്വതന്ത്രന്മാരും അപരന്മാരും പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പത്രികയുടെ സൂക്ഷ്മ പരിശോധക്കായി 22ന് തൊഴിൽ ഭവനിലെത്തുമെന്നിരിക്കെ, ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ സ്പെഷൽ ബ്രാഞ്ചിനും പൊലീസിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
22ന് സൂക്ഷ്മ പരിശോധനയുണ്ടാകുമെന്നും അറിയാമായിരുന്നിട്ടും ഒരാളെപ്പോലും തൊഴിൽഭവന് മുന്നിലോ റിട്ടേണിങ് ഓഫിസറുടെ ഓഫിസിന് മുന്നിലോ വിന്യസിക്കാൻ മ്യൂസിയം പൊലീസ് തയാറായില്ല. ഇതുസംബന്ധിച്ച വിവരം സ്പെഷൽ ബ്രാഞ്ചും കൈമാറിയില്ല. ഇതിന്റെ മറപിടിച്ചാണ് വാക്കുതർക്കവും പിന്നാലെ അക്രമം അരങ്ങേറിയത്.
ശ്രീലേഖയുടെ ചട്ടലംഘനത്തിനെതിരെയും കണ്ണടച്ചു
തിരുവനന്തപുരം: ശാസ്തമംഗലത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ ചട്ടലംഘനം മുകൾതട്ടിൽ അറിയിക്കുന്നതിലും സ്പെഷൽ ബ്രാഞ്ചിനും രഹസ്യാന്വേഷണവിഭാഗത്തിനും വിഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. ആർ. ശ്രീലേഖയുടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്നാണ് പ്രചാരണ പോസ്റ്ററുകളിൽ ബി.ജെ.പി ഉപയോഗിച്ചത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിട്ടും പൊലീസിന്റെ 'രഹസ്യാന്വേഷണ ഏജൻസികൾ' മാത്രം അറിഞ്ഞില്ല.
സിവിൽ സർവീസിൽനിന്ന് വിരമിച്ച ഒരു വ്യക്തി വിരമിക്കലിന് /രാജിവെച്ചതിന് ശേഷം പേരിനോടൊപ്പം ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് സർവീസ് യോഗ്യത ഉപയോഗിക്കുന്നതിന് സർവീസ് ചട്ടങ്ങൾ പ്രകാരം കൃത്യമായ വിലക്കും നിരോധനവുമുണ്ട്. അത്തരക്കാർ അവരുടെ ലെറ്റർ പാഡിൽ പോലും ഐ.എ.എസ് (റിട്ട.), എന്നുപോലും ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഐ.പി.സി സെക്ഷൻ 170 പ്രകാരം ഒരാൾ തങ്ങൾക്കില്ലാത്ത പൊതു പദവി വഹിക്കുന്നതായി നടിക്കുകയും ആ തെറ്റായ സ്ഥാനം ഉപയോഗിച്ച് പ്രവർത്തിക്കുകയും, തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത് കേസെടുക്കേണ്ട കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

