അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുരയിലേക്ക് മാറ്റുന്നതിനെതിരെ ഹരജി
text_fieldsകൊച്ചി: തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര സെൻട്രൽ ജയിലിന്‍റെ പഴയ ബ്ലോക്കിലേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി. പുരുഷന്മാരുടെ ജയിലിന്റെ ഒരുഭാഗത്തുള്ള പഴയ വനിത ബ്ലോക്കിലേക്ക് മാറ്റുന്നത് വനിത തടവുകാരുടെ അന്തസ്സും സ്വകാര്യതയുമടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സഖി വുമൻസ് റിസോഴ്സ് സെന്ററാണ് ഹരജി നൽകിയത്.
വിദേശികളും അമ്മമാരും രോഗികളുമടക്കം 98 വനിത തടവുകാരുള്ള അട്ടക്കുളങ്ങര ജയിലിൽ നിലവിൽ മതിയായ സൗകര്യമുണ്ട്. ഇവരെ പൂജപ്പുരയിലേക്ക് മാറ്റുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. സർക്കാർ ഉത്തരവ് റദ്ദാക്കി ജയിൽ അട്ടക്കുളങ്ങരയിൽതന്നെ നിലനിർത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി നവംബർ 14ന് വീണ്ടും പരിഗണിക്കും. 1990ൽ അട്ടക്കുളങ്ങരയിൽ സ്ഥാപിച്ച വനിത ജയിൽ പൂജപ്പുരയിലേക്ക് മാറ്റാൻ കഴിഞ്ഞ ഒക്ടോബർ 10നാണ് തീരുമാനിച്ചത്.
അട്ടക്കുളങ്ങര ജയിൽ താൽക്കാലിക സ്പെഷൽ സബ് ജയിലാക്കാനാണ് വനിത ജയിൽ ഇവിടെനിന്ന് മാറ്റുന്നതെന്നാണ് സർക്കാർ വിശദീകരണം. കേരളത്തിന്റെ തെക്ക് ഭാഗത്തെ ജയിലുകളിൽ മാത്രം 1260 അധിക തടവുകാരുണ്ടെന്നാണ് കണക്ക്. ഇവരെ ഉൾക്കൊള്ളാൻ പുതിയ ജയിൽ നിർമിക്കുംവരെ താൽക്കാലിക സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് അട്ടക്കുളങ്ങരയിൽനിന്ന് മാറ്റുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

