100 പെൺകുട്ടികളെ സൂപ്പറാക്കും; കലക്ടേഴ്സ് സൂപ്പർ ഹൺഡ്രഡ് പദ്ധതിക്ക് തുടക്കം
text_fieldsകലക്ടേഴ്സ് സൂപ്പർ ഹൺഡ്രഡ് പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ ജെറോമിക് ജോർജ്
നിർവഹിക്കുന്നു
പേരൂർക്കട: ആദിവാസി-തീരദേശ മേഖലകളിലെ സ്കൂളുകളിലെ ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽനിന്ന് തെരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കലക്ടേഴ്സ് സൂപ്പർ ഹൺഡ്രഡ് പദ്ധതിക്ക് തുടക്കം.
ഉദ്ഘാടനം കലക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി ജില്ല ഭരണകൂടം ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ഭരണകൂടത്തിനൊപ്പം വനിത-ശിശുവികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 100 പെൺകുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വിദ്യാർഥിനികളുടെ പതിവ് ക്ലാസ് റൂം സെഷനുകൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ എന്നിവയുടെ ഭാഗമാക്കാനും അവരുടെ ആശയവിനിമയ കഴിവുകൾ, വിമർശനാത്മക ചിന്താശേഷി, നേതൃഗുണങ്ങൾ എന്നിവ വർധിപ്പിക്കാനും ഉതകുന്ന രീതിയിലാണ് സൂപ്പർ ഹൺഡ്രഡ് രൂപകൽപന ചെയ്തിരിക്കുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ബീന എ.പി മുഖ്യപ്രഭാഷണം നടത്തി. പാളയം അയ്യൻകാളി ഹാളിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കലക്ടർ അഖിൽ വി. മേനോൻ, പൊതുവിദ്യാഭ്യാസം, വനിത-ശിശു വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥിനികൾ എന്നിവരും സന്നിഹിതരായിരുന്നു.