പട്ടത്ത് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം; 13 ലക്ഷം രൂപയുടെ നഷ്ടം, സമീപത്തെ കെട്ടിടത്തിലേക്കും തീ പടർന്നു
text_fields1. പട്ടത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണ്‍ തീപിടിച്ചപ്പോൾ കെടുത്താൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന, 2. നിലംപൊത്തിയ മേൽക്കൂര നീക്കം ചെയ്യുന്നതിനായി ജെ.സി.ബി എത്തിച്ചപ്പോൾ
മെഡിക്കൽ കോളജ്: പട്ടത്തുള്ള ഫർണിച്ചർ സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മെത്തകൾ ഉൾപ്പെടെ നിരവധി സാധനസാമഗ്രികൾ കത്തിനശിച്ചു. പട്ടം ജങ്ഷന് സമീപം ഓക്സിജൻ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്ന ജോയിയുടെ ഉടമസ്ഥതയിലുള്ള ജോയി ഫർണിച്ചർ ആൻഡ് മാനുഫാക്ചറർ എന്ന സ്ഥാപനത്തിലായിരുന്നു തീപിടിത്തം. രാവിലെ 11 മണിയോടുകൂടി ഓക്സിജൻ ഷോപ്പിലേക്ക് എത്തിയ ശരത്ത് എന്നയാളാണ് സ്ഥാപനത്തിൽനിന്ന് തീയും പുകയും ഉയരുന്ന വിവരം ഫയർഫോഴ്സിലും പൊലീസിലും അറിയിച്ചത്. സമീപത്തെ മാരുതി ഷോറൂമിൽ തീപിടിത്തം ഉണ്ടായി എന്നായിരുന്നു യുവാവ് തെറ്റിദ്ധരിച്ചത്.
തിരുവനന്തപുരത്തുനിന്ന് മൂന്നും ചാക്കയിൽ നിന്ന് രണ്ടും കഴക്കൂട്ടത്തു നിന്ന് രണ്ടും യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഏകദേശം അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്താൻ സാധിച്ചത്. ജോയി ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗണിനെ രണ്ടായി വേർതിരിച്ചിരുന്നു. മേൽക്കൂര ഷീറ്റ് പാകിയതായിരുന്നു. തീ അതിവേഗം പടർന്നതിനെ തുടർന്ന് മെത്തകൾ, ചൂരൽ ഫർണിച്ചറുകൾ, ഡൈനിങ് ടേബിളിനുള്ള തടികൾ, അലമാരകൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
സമീപത്ത് പണി നടന്നുകൊണ്ടിരുന്ന മൂന്നുനില കെട്ടിടത്തിലേക്കും തീ വ്യാപിച്ചിരുന്നു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഫയർഫോഴ്സ് തീ കെടുത്തി. ഞായറാഴ്ച അവധി ദിവസമായതിനാൽ ഫർണിച്ചർ കട പ്രവർത്തനം ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥാപനത്തിൽ രണ്ട് ജീവനക്കാർ ഉണ്ടായിരുന്നതായി മ്യൂസിയം പൊലീസ് പറഞ്ഞു. അതേസമയം ഫർണിച്ചർ സ്ഥാപനത്തിൽ ഇലക്ട്രിക് കണക്ഷൻ ഉണ്ടായിരുന്നില്ലെന്നും ഓണം പ്രമാണിച്ച് തന്നെ ദ്രോഹിക്കുന്നതിനു വേണ്ടി സ്ഥാപനത്തിന് തീയിട്ടതാണെന്നും ഉടമ ആരോപിക്കുന്നു. എന്നാൽ രണ്ടു നിലകളുള്ള സ്ഥാപനത്തിൽ ഫർണിച്ചർ വർക്കുകൾ നടത്തുന്നതിന് ഇലക്ട്രിക് കണക്ഷൻ അത്യന്താപേക്ഷിതമാണെന്നും ഉടമ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നും വിലയിരുത്തപ്പെടുന്നു.
തീപിടിത്തത്തെ തുടർന്ന് മേൽക്കൂര പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായും കത്തി താഴേക്ക് പതിച്ചതോടെ ജെ.സി.ബിയുടെ സഹായത്തോടെ ഇവ നീക്കിയതിനുശേഷമാണ് ഫയർഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. ജോയി ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വർഷങ്ങൾക്കു മുമ്പ് രണ്ട് തവണ തീപിടിത്തം ഉണ്ടായിരുന്നതായി ഉടമ തന്നെ സമ്മതിക്കുന്നു. മെത്തകളുടെയോ മറ്റോ അവശിഷ്ടങ്ങൾ കിടന്ന ഭാഗത്ത് തീ പിടിച്ചത് ആകാം വലിയൊരു അഗ്നിബാധക്ക് കാരണമായതെന്ന് കരുതുന്നു. മ്യൂസിയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

