ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്ക് രോഗിയുടെ മർദനം; യുവാവ് അറസ്റ്റിൽ
text_fieldsവസീർ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്ക് രോഗിയുടെ മർദനം. സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം. ശോഭക്ക് മർദനത്തിൽ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ വള്ളക്കടവ് എം.എൽ.എ റോഡിൽ വസീറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ സർജറി ഒ.പിയിൽ വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു വസീർ. സ്കാൻ ചെയ്തതിൽ നാല് എം.എം വലിപ്പമുള്ള കല്ല് കണ്ടെത്തിയിരുന്നു. കിടത്തി ചികിത്സക്ക് ശോഭ നിർദേശിച്ചെങ്കിലും വസീർ അതിനെ ചോദ്യം ചെയ്തു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. അഡ്മിറ്റാകാൻ തയാറല്ലെന്ന് വസീർ അറിയിച്ചതോടെ ഡോക്ടർ മരുന്ന് എഴുതി നൽകുകയായിരുന്നെന്നും ഇതിനിടെ പ്രകോപനമില്ലാതെ ശോഭയെ വസീർ മർദിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു.
അടി തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടറുടെ കൈക്ക് പരിക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് കന്‍റോൺമന്‍റെ് പൊലീസ് ആശുപത്രിയിലെത്തി വസീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, ഡോക്ടർമാർക്കെതിരെ ആവർത്തിച്ചുള്ള ആശുപത്രി അതിക്രമങ്ങൾ തടയാൻ സർക്കാർതലത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ തിരുവനന്തപുരം ഘടകവും കെ.ജി.എം.ഒ.എ തിരുവനന്തപുരം ഘടകവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

