ഇനിയൊരു സിയമോളുണ്ടാകരുത്’; വിങ്ങിപ്പൊട്ടി സൽമാനുൽ
text_fieldsപ്രാർഥനായജ്ഞത്തിൽ പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ ചിത്രവുമായി വിതുമ്പുന്ന
പിതൃസഹോദരി സാബിറ മൊയ്തീൻകോയയും പിതാവ് സൽമാനുൽ ഫാരിസിയും
തിരുവനന്തപുരം: 'മാലാഖ പോലത്തെ കുഞ്ഞായിരുന്നു ഞങ്ങടെ സിയ മോൾ. ഞങ്ങടെ ആറുവയസ്സുകാരി കുഞ്ഞിനെ ആ തെരുവുനായ് കടിച്ച് ഈ ലോകത്തുനിന്ന് തന്നെ പറഞ്ഞയച്ചു. ജീവിച്ച് കൊതിതീരാതെയാണവൾ പോയത്...' വാക്കുകൾ മുഴുമിക്കാനാവാതെ മൊബൈലിലുള്ള സിയയുടെ ചിത്രം കാട്ടി പിതൃസഹോദരിയായ മലപ്പുറം സ്വദേശിനി സാബിറ മൊയ്തീൻകോയ പൊട്ടിക്കരഞ്ഞു. തൊട്ടടുത്തിരുന്ന സിയയുടെ പിതാവ് സൽമാനുൽ ഫാരിസ് തന്റെ സഹോദരിയെ ആശ്വസിപ്പിക്കുന്നതോടൊപ്പം വിങ്ങലടക്കാനാവാതെ പറഞ്ഞു 'ഇനിയൊരു കുഞ്ഞിനും എന്റെ മകളുടെ ഗതി വരരുത്.
തെരുവുനായ്ക്കൾ ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ അലഞ്ഞുതിരിയുന്നുണ്ട്. ഇനിയൊരു സിയ ഉണ്ടാകരുത്. വാക്സിൻ കൊണ്ടൊന്നും കാര്യമില്ല'. ജനസേവ തെരുവുനായ് വന്യമൃഗവിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിനിയായ ആറുവയസ്സുകാരി സിയ ഫാരിസ് തെരുവുനായുടെ കടിയേറ്റതിനെ തുടർന്ന് കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചത്.
ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. ഡോഗ് പാർക്കുണ്ടാക്കി തെരുവുനായ്ക്കളെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലഹരി നിർമാർജന സമിതി പ്രവർത്തകൻ രാജൻ അമ്പൂരി, വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് എം.എസ്. വേണുഗോപാൽ, സുരേഷ് കുമാർ ജി., എം. നസിറുദ്ദീൻ, മണിയപ്പൻ ചെറായി, അശോകൻ കുന്നുങ്കൽ, അലോഷ്യസ് പി. ജെ., സത്യദാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

