വിഷഗുളിക കഴിച്ചശേഷം വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
text_fieldsപാറശ്ശാല: വിഷഗുളിക കഴിച്ചശേഷം പരിചയക്കാരിയായ വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടുകാല്‍ വട്ടവിള ചരിവിള രാജ് നിവാസില്‍ ശരത്ത് രാജിനെയാണ് (27) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ഉടൻ പാറശ്ശാല പൊലീസ് പിടികൂടിയത്. ഡോക്ടറുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ 20നായിരുന്നു സംഭവം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് യുവാവും ഡോക്ടറും പരിചയപ്പെട്ടത്. 20ന് ഉച്ചക്ക് ഇരുവരും ഉദിയന്‍കുളങ്ങരക്ക് സമീപം കാറില്‍ എത്തി. കാറിലിരുന്ന് സംസാരിക്കുന്നതിനിടെ യുവാവ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. പ്രദേശവാസികള്‍ യുവാവിനെ പിടികൂടിയപ്പോഴാണ് യുവാവ് വിഷഗുളിക കഴിച്ചതായി യുവതി വെളിപ്പെടുത്തിയത്. പ്രദേശവാസികൾ പൊലീസ് സഹായത്തോടെ യുവാവിനെ നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.