പാങ്ങോട് ഫിഷ് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്; കടമുറികളുടെ ലേലത്തിന് വീണ്ടും നീക്കം
text_fieldsപണി പൂർത്തിയായിട്ടും വ്യാപാരികൾക്ക് തുറന്നുകൊടുക്കാതെ പൂട്ടിയിട്ട ഇടപ്പഴഞ്ഞിയിലെ
പാങ്ങോട് മത്സ്യ മാർക്കറ്റ്
തിരുവനന്തപുരം: ഇടപ്പഴഞ്ഞിയിലെ പാങ്ങോട് ഫിഷ് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളുടെ ലേലത്തിന് വീണ്ടും ശ്രമം. മാർക്കറ്റ് പരിസരത്ത് സൂക്ഷിച്ച മീൻ പെട്ടികൾ മൂന്ന് ദിവസത്തിനകം നീക്കിയില്ലെങ്കിൽ നഗരസഭ സ്വന്തം ചെലവിൽ ഒഴിവാക്കുമെന്ന് സെക്രട്ടറിയുടെ നോട്ടീസ്. വ്യാഴായ്ചയാണ് മാർക്കറ്റ് പരിസരത്ത് വിവിധയിടങ്ങളിലായി നോട്ടീസ് പതിച്ചത്. ശനിയാഴ്ചക്ക് മുമ്പ് പെട്ടികൾ നീക്കണമെന്നാണ് നിർദേശം.
3.08 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കി വർഷങ്ങളായിട്ടും കെട്ടിടം ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് വിമർശത്തിനിടയാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടിയതോടെയാണ് നഗരസഭ വീണ്ടും ലേല നടപടിക്കൊരുങ്ങുന്നത്.
അതിന് മുന്നോടിയായാണ് നോട്ടീസ് പതിച്ചത്. 2009-10ൽ നിർമാണം ആരംഭിച്ച കെട്ടിടം 2020 മേയ് 27ന് മുൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയായിട്ടും ഒരു മുറിയിൽ നിന്നുപോലും നഗരസഭക്ക് വാടക സമ്പാദിക്കാനായിട്ടില്ല. എന്നാൽ, ലക്ഷങ്ങളുടെ നഷ്ടം വന്നതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമീപത്തെ താൽക്കാലിക മാർക്കറ്റിലെയും മറ്റും വ്യാപാരികൾ മുൻകൂർ തുക നൽകിയിട്ടും കടമുറി ലഭിച്ചില്ലെന്ന പരാതിയുണ്ട്.
അര ലക്ഷം രൂപ നൽകിയ വെട്ടുകാട് സ്വദേശിക്ക് കടമുറി ലഭിച്ചില്ലെങ്കിലും പതിനായിരം രൂപയുടെ വാടക ആവശ്യപ്പെട്ട് നഗരസഭയുടെ കത്ത് ലഭിച്ചതായി അവർ പറയുന്നു. നഗരസഭക്ക് നൽകിയ തുക മറ്റെന്തങ്കിലും വ്യാപാരത്തിന് ഉപയോഗിച്ചിരുന്നെങ്കിൽ മൂന്ന് വർഷംകൊണ്ട് ലഭിക്കാവുന്ന വരുമാനം എത്രയായിരിക്കുമെന്ന് അവർ ചോദിക്കുന്നു. ലേലം പൂർത്തിയാക്കാതെ കടമുറി തുറന്ന് കൊടുക്കാനാവില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് അവർ പറഞ്ഞു.
ഉയർന്ന അഡ്വാൻസ് തുകയും വാടകയും ആവശ്യപ്പെടുന്നതിനാലാണ് കടമുറികൾ ആരും ലേലം വിളിച്ചെടുക്കാത്തതെന്ന് വ്യാപാരികൾ പറയുന്നു. അഞ്ചെണ്ണം പട്ടികജാതി-വർഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. കെട്ടിടത്തിൽ ആകെ 45 മുറിയാണുള്ളത്. കോൾഡ് സ്റ്റോറേജ് ഫ്രീസർ സൗകര്യത്തിന് പുറമെ മത്സ്യ വിൽപനക്കുള്ള ഗ്രാനെറ്റ്, സ്ലാബ്, മത്സ്യം വൃത്തിയാക്കാനുള്ള സിങ്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. ഓരോ കടമുറിക്കും വാടക പ്രതിമാസം 11,387രൂപയാണ് നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

