പഞ്ചായത്തുകളുടെ അതിരുതർക്കം; ജീവിതം വഴിമുട്ടി യുവസംരംഭക
text_fieldsമത്സ്യകൃഷിക്കായി ഒരുക്കിയ സംവിധാനങ്ങൾ
പോത്തൻകോട്: പഞ്ചായത്തുകൾ തമ്മിലെ അതിരുതർക്കംമൂലം സ്വയംതൊഴിൽ സംരംഭം നടത്തിക്കൊണ്ടുപോകാനാവാതെ യുവ സംരംഭക. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതുകാരണം അണ്ടൂർക്കോണം കരിച്ചാറ കടകത്ത് ഷംന സജിയാണ് ആത്മഹത്യയുടെ വക്കിലായത്.
പ്രവാസിയായിരുന്ന ഇവർ സഹോദരനൊപ്പം കോവിഡ് കാലത്ത് നാട്ടിൽ മടങ്ങിയെത്തി ആരംഭിച്ച മത്സ്യ കൃഷിയാണ് പാതിവഴിയിൽ നിലച്ചത്. വൈദ്യുതി കണക്ഷൻ നൽകേണ്ട പോസ്റ്റ് ഏതു പഞ്ചായത്തിലാണെന്നതാണ് തർക്ക വിഷയം.
പദ്ധതിയുടെ ഭാഗമായി ആദ്യം നിക്ഷേപിച്ച മത്സ്യങ്ങളിൽ പകുതിയിലേറെ മോഷണം പോയിരുന്നു. വായ്പയെടുത്തും മറ്റും ഇതുവരെ നാലു ലക്ഷത്തോളം രൂപ ചെലവിട്ടു. കായലിനോട് ചേർന്ന് കരയിൽ നിൽക്കുന്ന പോസ്റ്റിൽനിന്നും വൈദ്യുതി നൽകാൻ അണ്ടൂർക്കോണം പഞ്ചായത്ത് അനുമതി നൽകുന്നില്ല. കൃഷി ചെയ്യുന്ന കായലും, കായൽ പുറമ്പോക്കും കഠിനംകുളം പഞ്ചായത്തിന്‍റേതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
എന്നാൽ, ജലാശയ പ്രദേശം മാത്രമേ കഠിനംകുളം പഞ്ചായത്ത് പരിധിയിൽ ഉള്ളൂവെന്നും കരഭാഗം അണ്ടൂർക്കോണം പഞ്ചായത്തിന്‍റേതാണെന്നുമാണ് മറുവാദം. മത്സ്യക്കൂടിൽനിന്നും പോസ്റ്റിലേക്കുള്ള ദൂരം 10 മീറ്റർ പോലും തികച്ചില്ല. അണ്ടൂർക്കോണം പഞ്ചായത്ത് അനുമതി നൽകിയാൽ വൈദ്യുതി നൽകാൻ കെ.എസ്.ഇ.ബി അധികൃതർ തയാറാണ്. എന്നാൽ പഞ്ചായത്ത് അതിന് തയാറല്ല.
വൈദ്യുതി ഇല്ലാതെ മത്സ്യ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മോഷണം തടയാൻ സി.സി ടി.വി സ്ഥാപിക്കാനുമാവുന്നില്ല. കായൽ ജലത്തിലെ ഓക്സിജന്റെ
അളവ് നിലനിർത്താൻ എയറേറ്റർ സ്ഥാപിക്കക്കേണ്ടതും അനിവാര്യമാണ്. എലിശല്യം ഒഴിവാക്കാനുള്ള സംവിധാനത്തിനും വൈദ്യുതി ഇല്ലാതെ പറ്റില്ല. വൈദ്യുതി ലഭ്യമാക്കാൻ അധികൃതരുടെ കനിവ് തേടി വിവിധ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരം അകലെയാണ്. ഇരു പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷമാണ്.
യുവ സംരംഭകർക്ക് പ്രോത്സാഹം നൽകുകയാണ് സർക്കാർ നയമെന്ന് പ്രഖ്യാപനം നിലനിൽക്കെയാണ് തദ്ദേശസ്ഥാപനങ്ങളുടെ നിരുത്തരവാദ നിലപാടുകൾ ആവർത്തിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

