കാർഷിക സംസ്കൃതിയുയർത്തി പാലോട് കന്നുകാലിച്ചന്ത
text_fieldsപാലോട്: മഹാമാരിക്കിടയിലും കാർഷിക സംസ്കൃതിയുടെ പ്രതീകത്തെ ഒരുമയോടെ നിലനിർത്തുമെന്ന പ്രഖ്യാപനമായി 59ാമത് പാലോട് കാർഷിക കലാ സാംസ്കാരിക മേളയുടെയും കന്നുകാലിച്ചന്തയുടെയും ഉദ്ഘാടനവേദി. നല്ലയിനം കാലികളെ വാങ്ങാൻ അഞ്ച് പതിറ്റാണ്ടു മുമ്പ് പാലോട്ടെ കർഷക കാരണവന്മാർ തുടക്കം കുറിച്ച കാളച്ചന്തയാണ് കോവിഡിന്റെ ആകുലതകൾക്കിടയിലും പരിമിതികളോടെ തുടരുന്നത്.
ആദ്യകാലത്ത് കാളച്ചന്ത അരങ്ങേറിയ കുശവൂർ ഏലയിലാണ് ഇക്കുറി കന്നുകാലിച്ചന്ത നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. 10 ദിവസം നീളുന്ന മേളയിൽ കലാ സാംസ്കാരിക പരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുക. പരമ്പരാഗത കാളച്ചന്തയിൽ കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, മുറൈ പോത്തുകൾ, ഹരിയാന പോത്തുകൾ, ജാഫ്റാബാദ് ഇനത്തിൽപെട്ട വളർത്തു പോത്തുകൾ മുതലായവ വിൽപനക്കെത്തി. ഒരുസമയം 20 പേർക്ക് മാത്രം പ്രവേശനം. മുഖ്യ രക്ഷാധികാരിയും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ. മധു മേള ഉദ്ഘാടനം ചെയ്തു.
സന്ദർശകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന 5,900 എന്‍ 95 മാസ്കുകൾ ബ്രദേഴ്സ് ഹോസ്പിറ്റല്‍ എം.ഡി അൻസാരിയിൽനിന്ന് വി.കെ. മധു ഏറ്റുവാങ്ങി. കന്നുകാലികളുടെ വിൽപന പാലോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. മധു ആദ്യ കന്നുക്കുട്ടിയെ കർഷകന് കൈമാറി ഉദ്ഘാടനം ചെയ്തു.
സി.ജെ. രാജീവ് പ്രചാരണ സീഡിയും ഇ. ജോൺകുട്ടി പുസ്തകവും പ്രകാശനം ചെയ്തു. മേള ചെയർമാൻ എം. ഷിറാസ്ഖാൻ, ജനറൽ സെക്രട്ടറി ഇ. ജോൺകുട്ടി, വി.എസ്. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് പരമ്പരാഗത രീതിയില്‍ കവുങ്ങ് മരത്തിൽ സജ്ജമാക്കിയ ഓര്‍മകളുടെ കാര്‍ഷിക ദീപങ്ങൾ കാഴ്ചക്കാരിൽ ഗൃഹാതുര സ്മരണകളുണർത്തി.
ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സാധനസാമഗ്രികളും നടീൽ വസ്തുക്കളും ഓൺലൈൻ മുഖേന വിതരണം ചെയ്യുന്ന രീതിലാണ് വ്യാപാരമേള സജ്ജീകരിച്ചിട്ടുള്ളത്. ഇതിനായി ഉപഭോക്താക്കൾക്ക് മേളയുടെ യുട്യൂബ് ചാനൽ, ജി മെയിൽ, ഫേസ്ബുക്ക് പേജ് തുടങ്ങിയവ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

