പാലോട്, വിതുര വനമേഖലകളിൽ കാട്ടുതീ
text_fieldsപാലോട്: പാലോട്, വിതുര വനമേഖലകളിൽ കാട്ടുതീ പടരുന്നു. പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷനിലെ മങ്കയം വെങ്കിട്ടമൂട് ഭാഗത്തും കല്ലാർ ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള കല്ലാർ മൊട്ടമൂട് ദൈവങ്കല്ല് ഭാഗത്തുമാണ് കാട്ടുതീ പടരുന്നത്.
മങ്കയം വെങ്കിട്ടമൂട് ഭാഗത്തെ വനമേഖലയിൽ അഞ്ച് ഏക്കറോളം അടിക്കാട് ഇതിനകം കത്തിനശിച്ചിട്ടുണ്ട്. വനത്തിന്റെ ഒരുഭാഗത്ത് ഉച്ചക്ക് പിടിച്ച തീ വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിക്കുകയായിരുന്നു.
തിരുവനന്തപുരം ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പാലോട് റെയ്ഞ്ചിലെ എല്ലാ വാച്ചർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തീ അണക്കുന്ന ജോലിയിൽ വ്യാപൃതരായി. വനമേഖലയിലെ ശക്തമായ കാറ്റും പരിസരമാകെ പുക നിറഞ്ഞതും തീകെടുത്തലിന് തടസ്സമായി.
കല്ലാർ ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള കല്ലാർ മൊട്ടമൂട് ദൈവങ്കല്ല് വനമേഖലയിൽ ബുധനാഴ്ച രാവിലെയാണ് തീ കണ്ടത്. വനപാലകരും വിതുര െപാലീസും തീ കെടുത്തുന്നതിന് നേതൃത്വം നൽകി. വിതുരയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.