ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടി
text_fieldsപോത്തൻകോട്: കുടുംബ വഴക്കിനെതുടർന്ന് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപിച്ചു. തേങ്ങ വെട്ടാനുപയോഗിക്കുന്ന വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ കൈ അറ്റുതൂങ്ങിയ നിലയിൽ ഭാര്യ സീതാഭായി (26), ഗുരുതര പരിക്കുമായി മകൻ അരുൺ സിങ് (ആറ്) എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും തലക്കും വെേട്ടറ്റിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഛത്തിസ്ഗഢ് സ്വദേശിയും തെങ്ങുകയറ്റത്തൊഴിലാളിയുമായ കുശാൽ സിങ് മറാബിനെ (31) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു.
ശാന്തിഗിരി ആശ്രമത്തിന് സമീപം പൂലന്തറയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ എേട്ടാടെയായിരുന്നു സംഭവം. ഛത്തിസ്ഗഢ് ബിലാസ്പൂർ ജില്ലയിൽ ബൻജോർക ഖോടരി സ്വദേശികളായ കുടുംബം ഏതാനും ദിവസം മുമ്പാണ് പൂലന്തറയിൽ വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

