പൊന്മുടിയിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റാന്‍ ഉത്തരവ്
text_fieldsപൊന്മുടി മെര്‍ക്കിസ്റ്റണില്‍ സൈക്ലിങ്ങിനായി നിർമിച്ച കെട്ടിടങ്ങളില്‍ ഒന്ന്
വിതുര: പൊന്മുടി മെര്ക്കിസ്റ്റണിലെ അനധികൃത നിർമാണം അടിയന്തിരമായി പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവു നല്കി. കഴിഞ്ഞ മാസം 26 മുതല്‍ 29 വരെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന ഏഷ്യന്‍ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ മറവിലാണ് അനധികൃതമായി കെട്ടിടങ്ങള്‍ നിർമിച്ചത്.
അന്നുതന്നെ കലക്ടര്‍ വിഷയത്തില്‍ ഇടപെടുകയും നിർമാണം നിര്‍ത്തിവെക്കാൻ തഹസില്‍ദാർ, പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറി, തെന്നൂര്‍ വില്ലേജ് ഓഫിസർ എന്നിവർക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇവയെല്ലാം ലംഘിച്ച് നാലു കെട്ടിടം നിർമിച്ചു. താൽകാലികമായി നിര്‍മിച്ചവയാണെന്നും മത്സരം അവസാനിച്ചാല്‍ പൊളിച്ചു മാറ്റുമെന്നും സംഘാടകസമിതിയും എസ്റ്റേറ്റ് ഉടമകളും ഉറപ്പു നല്‍കിയിരുന്നു.
പെരിങ്ങമ്മല പഞ്ചായത്ത് ഭരണസമിതി സ്ഥലത്തെത്തി പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിരുന്നു. നിർമാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പൊന്മുടി എസ്.എച്ച്.ഒക്കും പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു.
മത്സരം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കലക്ടര്‍ പുതിയ ഉത്തരവിറക്കിയത്. നടപ്പിലാക്കാനായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പൊന്മുടി എസ്.എച്ച്.ഒ, നെടുമങ്ങാട് തഹസില്‍ദാര്‍, തെന്നൂര്‍ വില്ലേജ് ഓഫിസര്‍ എന്നിവരുടെ സംയുക്തയോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. യോഗത്തില്‍ തഹസില്‍ദാര്‍ എത്താത്തതിനാല്‍ തീരുമാനങ്ങളെടുക്കാനായില്ല.
അടുത്തയോഗം കലക്ടറേറ്റില്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കത്ത് നല്കി. പരിസ്ഥിതിലോല പ്രദേശമായ പൊന്മുടിയില് നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിയന്ത്രണങ്ങളെ കാറ്റില്‍പറത്തി റോഡുകളും കെട്ടിടങ്ങളും നിർമിച്ചത്. എസ്റ്റേറ്റ് ഉടമസ്ഥതയെ ചൊല്ലി സര്‍ക്കാര്‍ വാദിയായ കേസ് ഹൈക്കോടതിയില്‍ നില നിൽക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

