ജല അതോറിറ്റി: 5,000 കോടി കടമെടുപ്പിന് ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിന് ആദ്യഘട്ടമായി 5000 കോടി രൂപ കടമെടുക്കാൻ ജല അതോറിറ്റിയെ അനുവദിച്ച് ജലവിഭവ വകുപ്പിന്റെ ഉത്തരവിറങ്ങി. ഇഴഞ്ഞുനീങ്ങുന്ന ജൽജീവൻ പദ്ധതി വേഗത്തിലാക്കാൻ 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകിയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിച്ചും ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ജല അതോറിറ്റിക്ക് അനുമതി നൽകിയത്. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ജലവിഭവകുപ്പ് വിശദാംശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.
നബാർഡിൽ നിന്നാണ് വായ്പയെടുക്കുന്നത്. ഇതിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും തിരിച്ചടവിന് എങ്ങനെ പണം കണ്ടെത്തണമെന്നതിൽ അവ്യക്തത തുടരുന്നു. കുടിശ്ശികയില്ലാത്ത തിരിച്ചടവ് ജലഅതോറിറ്റിയുടെ ഉത്തരവാദിത്തമായിരുക്കുമെന്ന ധ്വനി നൽകുന്ന പരാമർശങ്ങളും ഇതിലുണ്ട്.
ജൽജീവൻ മിഷന് ‘ജീവൻ നൽകാൻ’ 12000 കോടി രൂപ കടമെടുക്കാനുള്ള അനുമതി തേടിയാണ് ജലവിഭവ വകുപ്പ് നിർദേശപ്രകാരം ജലഅതോറിറ്റി എം.ഡി കത്ത് നൽകിയിരുന്നത്. എന്നാൽ ഇത്രയും ഉയർന്ന തുക കടമെടുക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് വിർമശനം ഉയർന്നതോടെ 8862.95 കോടിയാക്കി കടമെടുപ്പ് പരിധിയിൽ മാറ്റം വരുത്തുകയായിരുന്നു. വെള്ളക്കരം മാത്രം പ്രധാനവരുമാനമായ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ മുൻകൈയിലുള്ള ജൽജീവൻ മിഷന് വേണ്ടി ഭാരിച്ചതുക കടമെടുക്കുന്നത് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളടക്കം കൊടുത്തീതീർക്കാൻ പണമില്ലത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ ജൽജീവൻ മിഷൻ പദ്ധതി എങ്ങനെയും പൂർത്തിയാക്കേണ്ടതുണ്ടെന്നും സർക്കാറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ജലഅതോറിറ്റി കടമെടുക്കാതെ മറ്റ വഴിയില്ലെന്നാണ് ജലവിഭവ വകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം സർക്കാർ സ്ഥാപനങ്ങളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും വെള്ളക്കരമടക്കം കോടികൾ പിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജലഅതോറിറ്റി. ഇതിനുള്ള പിന്തുണ ജലവിഭവകുപ്പിൽ നിന്നും സംസ്ഥാന സർക്കാറിൽ നിന്നും ഉണ്ടാകുന്നില്ലെന്നും അതോറിറ്റി കേന്ദ്രങ്ങൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
