ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ചരിത്രവിരുദ്ധം- മുഖ്യമന്ത്രി
text_fieldsഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം
ചെയ്യുന്നു
തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ് കേന്ദ്ര സർക്കാറിന്റെ ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളെ അരികുവത്കരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയുടെ വിതരണവും 55ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കേവലം ആശയവിനിമയോപാധി മാത്രമല്ല ഭാഷ, മറിച്ച് സാംസ്കാരിക രാഷ്ട്രീയമാനവുമുണ്ട്. മാതൃഭാഷകളെ പ്രാദേശിക ഭാഷകൾ മാത്രമായി ചുരുക്കിക്കാണുന്ന കേന്ദ്രം ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഒരേകാര്യം പല ജനത പലഭാഷകളിൽ പാടിയ ആശയങ്ങൾ, മുദ്രാവാക്യങ്ങൾ തുടങ്ങിയവ സമന്വയിച്ചാണ് ഇന്ത്യയുടെ അധിനിവേശവിരുദ്ധ ദേശീയത രൂപപ്പെട്ടത്. ഒറ്റ ഭാഷ എന്ന വാദം ഉയർത്തുമ്പോൾ വൈവിധ്യസമൃദ്ധമായ സംസ്കാരത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു.
തനതായ വൈവിധ്യങ്ങളുടെ നിലനിൽപ്പിന് വേണ്ടിയുള്ള ഇടപെടൽ കൂടിയാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

