ഇന്ന് അത്തം; ഇനി പത്തുനാൾ മലയാളമനസ്സ് ആഘോഷത്തിന്റെ നിറവിൽ
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച അത്തം പിറക്കുന്നതോടെ ഇനിയുള്ള 10 നാളുകള്‍ പൊന്നോണത്തിന്റെ കാഹളത്തിലേക്ക് കടക്കും. അത്തം പിറന്ന് 10 നാണ് തിരുവോണം. ഓണം ആഘോഷിക്കാൻ നാടുംനഗരവും ഒരുങ്ങുന്ന കാഴ്ചയാണ് എവിടെയും. വസ്ത്ര- വണിജ്യകേന്ദ്രങ്ങൾ സജീവമാണ്. ഡിസ്കൗണ്ട് മേളകളും ഓഫറുകളുടെ പെരുമഴക്കാലവുമാണ് ഈ സീസണിൽ എങ്ങും കാണാനാവുക. ഒരാണ്ടിന്റെ സന്തോഷം ഒന്നിച്ച് പങ്കിടുന്ന നാള്. നാടെങ്ങും പൂക്കളമൊരുക്കാനുള്ള വ്യഗ്രതയിലുമാണ് മലയാളി. കന്യാകുമാരി ജില്ലയിലെ പൂക്കളുടെ ഗ്രാമമായ തോവാളയില്‍ അത്തത്തിന്റെയും ഓണത്തിന്റെയും അലയൊലി ഉയര്‍ന്നു. വയനാട് ഉരുൾദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ഒരിടത്തും ഇല്ല. ഇക്കുറി രണ്ട് തിരുവോണവും രണ്ട് അത്തവും എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രാവണത്തിലെ പൗര്‍ണമി ചേര്‍ന്ന ഓണം ചിങ്ങപ്പിറവിക്ക് പിന്നാലെ വന്നു. രണ്ടാമത്തെ തിരുവോണമാണ് ആഘോഷത്തിനായി സ്വീകരിക്കുന്നത്. അത്തവും അങ്ങനെയാണ്. വ്യാഴാഴ്ചയാണ് അത്തം നാഴികയില്‍ കൂടുതലുള്ളത്. ഓണത്തിന്റെ നാളെണ്ണുമ്പോള് വെള്ളിയാഴ്ച അത്തമായി കരുതുന്നു. ശനിയാഴ്ച വിനായക ചതുര്‍ഥിയാണ്. അത്തവും ചതുര്ഥിയും ഒരുമിച്ചാല്‍ അനര്ഥമെന്നാണ് ചൊല്ല്. ഇക്കുറി അതൊഴിവാകുന്നു.
കഴിഞ്ഞ ഓണക്കാലം മഴയുടെ നിഴലിലായിരുന്നു. ഈ വര്‍ഷവും ചിങ്ങം പകുതി കഴിഞ്ഞെങ്കിലും മഴ ഇടക്കിടെ എത്തിനോക്കുന്നുണ്ട്. തോവാളപ്പൂക്കള്‍ എത്തുന്നതോടെ എല്ലായിടത്തും പൂക്കളങ്ങള്‍ വിരിയും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു ദിവസത്തെ ഓണാഘോഷമാണ് നടത്താറുള്ളത്. വിവിധ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും ഓണം കൊണ്ടാടും. 14നാണ് ഉത്രാടം. 15ന് തിരുവോണവും. ഗ്രാമനഗരങ്ങളില്‍ ഓണത്തിരക്ക് ദൃശ്യമായിത്തുടങ്ങി. പ്രധാന കച്ചവടകേന്ദ്രങ്ങളില്‍ വില്പനയുടെ തിരക്കേറിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിന്റെ ഓണസമൃദ്ധി കാണാന്‍ ജനം എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

