ഉത്തരേന്ത്യൻ പെൺവാണിഭം; മുഖ്യപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: ഉത്തരേന്ത്യയിൽനിന്ന് സ്ത്രീകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം നടത്തിയ സംഭവത്തിൽ രണ്ട് അസം സ്വദേശികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേരളത്തിലെ പെൺവാണിഭ സംഘത്തിെൻറ മുഖ്യ കണ്ണികളും അസം സ്വദേശികളുമായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരുടെ അറസ്റ്റുകളാണ് അസമിലെ ലംക പൊലീസ് രേഖപ്പെടുത്തിയത്. ഇരുവർക്കുമെതിരെ മനുഷ്യക്കടത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇവരടക്കം പെൺവാണിഭസംഘത്തിെൻറ പിടിയിലായിരുന്ന ഒമ്പത് അസം യുവതികളെയും ലംക സി.ഐയുടെ നേതൃത്വത്തിലെ സംഘം ഇന്ന് അസമിലേക്ക് കൊണ്ടുപോകും.
അതേസമയം ഇവർക്കൊപ്പം പിടിയിലായ അസം സ്വദേശികളായ ഏഴ് യുവാക്കളെ പിഴയീടാക്കി വിട്ടയച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് അസം സ്വദേശികളായ ഒമ്പത് സ്ത്രീകളെയും ഒമ്പത് പുരുഷന്മാരെയും മെഡിക്കൽ കോളജ്, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നായി കസ്റ്റഡിയിലെടുത്തത്. അസം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യമനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളിൽ ചെന്ന് പണം നൽകി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിക്കുകയും തുടർന്ന് ഇവിടെയെത്തിച്ച് അനാശാസ്യ പ്രവൃത്തികൾക്ക് ഉപയോഗിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടികളുടെ കുടുംബങ്ങൾ ലംക പൊലീസിൽ പരാതി നൽകിയതിനെതുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തിയത്.

