നൈറ്റ് ലൈഫ് പദ്ധതി; ഹൈകോടതി ഇടപെട്ടിട്ടും കനകക്കുന്നിൽ നിർമാണം തകൃതി
text_fieldsനൈറ്റ് ലൈഫിന്റെ പേരിൽ കനകക്കുന്നിൽ നടക്കുന്ന നിർമാണം
തിരുവനന്തപുരം: രാത്രിയെ പകലാക്കുന്ന ‘നൈറ്റ് ലൈഫ്’ ടൂറിസത്തിനായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിർമിതികൾ പൊളിക്കുന്നതും മരങ്ങൾ വെട്ടിനീക്കുന്നതും തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടെങ്കിലും നിർമാണങ്ങൾ ഇപ്പോഴും തകൃതി.
നിർമാണങ്ങൾ തടഞ്ഞിട്ടില്ലെന്നും നിർമിതികൾ പൊളിക്കുന്നതും വലിയമരങ്ങൾ വെട്ടിനീക്കുന്നതും പാടില്ലെന്നാണ് ഹൈകോടതിയുടെ ഉത്തരവിലുള്ളതെന്നുമാണ് കരാറുകാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണത്തിന്റെ കരാർ.
നിർമാണം ചോദ്യംചെയ്തുള്ള ഹരജി 22ന് വീണ്ടും കോടതി പരിഗണിക്കും. നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹനത്തിന്റെ പേരിൽ നടക്കുന്ന നിർമാണങ്ങൾ കനകക്കുന്നിന്റെ പൈതൃകത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി കനകക്കുന്ന് പൈതൃക സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തുണ്ട്.
വിനോദസഞ്ചാര വകുപ്പും തിരുവനന്തപുരം കോർപറേഷനും ചേര്ന്ന് 2.63 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. കനകക്കുന്നിന്റെ പൈതൃകത്തിന് കോട്ടംവരുത്തുന്നതാണ് നിർമാണപ്രവര്ത്തനങ്ങളെന്ന് ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശികളായ പരിസ്ഥിതി പ്രവർത്തകർ കോടതിയെ സമീപിച്ചത്. പദ്ധതി ടെൻഡർ ഒഴിവാക്കി ഊരാളുങ്കലിന് നൽകിയെന്നും പരാതിയുണ്ട്.
നൈറ്റ് ലൈഫ് ടൂറിസത്തിന്റെ പേരിൽ കല്ലുപാകൽ, പവലിയൻ നവീകരണം, ഫുഡ് കിയോസ്ക് നിർമാണം, ഇരിപ്പിടം ഒരുക്കൽ, വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ, സി.സി ടി.വി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കൊട്ടാരത്തിലേക്ക് നീളുന്ന വഴിയിലെ പഴയ കൈവരികളും പുൽത്തകിടിയും നശിപ്പിച്ചെന്നാണ് പ്രധാന പരാതി. മരങ്ങളും മുളങ്കാടുകളും വെട്ടിമാറ്റി.
ഫുഡ് കിയോസ്കിനുവേണ്ടി നിർമിച്ച സീറ്റിൽ നിർമിതികളും കോൺക്രീറ്റ് പ്ലാറ്റ് ഫോമുകളും ചൂടുകൂടാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനത്തിന്റെ പ്രഭാത-സായാഹ്നങ്ങളിലെ ജനപ്രിയ ഇടമാണ് കനകക്കുന്ന്. നൈറ്റ് ഹബ്ബായി മാറുമ്പോൾ മേഖലയിലെ പക്ഷികളും ശലഭങ്ങളും ഇവിടെനിന്നള എന്നേക്കുമായി അകറ്റപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

