നെയ്യാറ്റിൻകര: വൈകല്യത്തെ സ്വന്തം ജീവിതം കൊണ്ട് അതിജീവിച്ച ഡോ. ആർ. ജയകുമാറിന് പുരസ്കാരം.
ഭിന്നശേഷിയുള്ള സംസ്ഥാനത്തെ മികച്ച സർക്കാർ ജീവനക്കാരനുള്ള പുരസ്കാരമാണ് കാഞ്ഞിരംകുളം സർക്കാർ കോളജിലെ ഭാഷാധ്യാപകൻ ഡോ.ആർ. ജയകുമാറിനെ തേടിയെത്തിയത്.
അധ്യാപകൻ, അധ്യാപക പരിശീലകൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, സാമൂഹിക പ്രവർത്തകർ എന്നീ മേഖലകളിലെ പ്രവർത്തന മികവിനാണ് പുരസ്കാരം.
നെയ്യാറ്റിന്‍കര ഗവ. ടി.ടി.ഐയില്‍നിന്ന് ടി.ടി.സി പാസായി. 1994 ല്‍ വൈകല്യം പരിഗണിച്ച് കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം നെയ്യാര്‍ഡാം ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1997 ല്‍ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപക പരിശീലകനായി ബാലരാമപുരം ബി.ആര്.സി യില്‍ നിയമിക്കപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി സംയോജിത വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോള്‍ അതിയന്നൂർ ബ്ലോക്കിലെ ഏരിയ കോ ഓഡിനേറ്ററായി. ഡെപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയാക്കി അതിയന്നൂർ യു.പി സ്കൂളില്‍ തിരിച്ചെത്തി.
വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാള ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവ. ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡും എം.എഡും നേടിയ ശേഷം എജുക്കേഷനിലും മലയാള ഭാഷയിലും നാഷനല്‍ എലിജിബിലിറ്റി പരീക്ഷ വിജയിച്ചു.
ബി.ആര്.സിയില്‍ താന്‍ പ്രവര്‍ത്തിച്ച മേഖലയില്‍ നേര്‍ക്കാഴ്ചകളായ വിവിധ പരിമിതികളുള്ള കുട്ടികളുടെ ദൈന്യതയും രക്ഷാകർത്താക്കളുടെ നിസ്സഹായതയും ഈ രംഗത്ത് ഗവേഷണം നടത്താന്‍ ജയകുമാറിന് പ്രേരണയായി.
ബി.ആര്.സിയില്‍ പ്രവര്‍ത്തിച്ച നിരവധി സുഹൃത്തുക്കളുടെ പിന്തുണയും ഗവേഷണത്തിന് ലഭിച്ചു. കോളജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറെന്ന നിലയിൽ 'കുട്ടിക്കൊരു വീട്', പൊതുവിദ്യാലയങ്ങളിലെ ക്ലാസ് റൂം വായനശാലകൾക്ക് പുസ്തക വിതരണം എന്നീ പദ്ധതികൾ നടപ്പാക്കി.
ഇതിനിടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അധ്യാപനത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സര്‍ക്കാര്‍ കോളജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.എയുടെ ജില്ല കമ്മിറ്റിയംഗമാണ്. നിംസ് ആശുപത്രി ജീവനക്കാരിയായ ശോഭകുമാരി ഭാര്യയും എം.എസ്.സി വിദ്യാർഥി ഗോപിക മകളും പോളിടെക്നിക് വിദ്യാർഥി ഗോകുല്‍ മകനുമാണ്. നെയ്യാറ്റിൻകര ഊരുട്ടുകാല 'ഗോകുല'ത്തിലാണ് താമസം.