പ്രതിഷേധ ധര്‍ണക്കിടെ എം.എൽ.എയുടെ വേദി തകര്‍ന്നു
text_fieldsകഴക്കൂട്ടം-കാരോട് ബൈപാസ് റോഡിന് കുറുകെ മേല്‍പാലം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മണ്ണക്കലില് സര്‍വകക്ഷി കൂട്ടായ്മ നടത്തിയ ധര്‍ണക്കിടെ ആന്‍സലന്‍ എം.എൽ.എ പോകാനായി യാത്രപറയുമ്പോള്‍ സ്റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങൾ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മണ്ണക്കലില് പ്രതിഷേധ ധര്‍ണ നടത്തിയ സ്റ്റേജ് തകര്‍ന്നുവീണു; മേല്‍ക്കൂരയില്ലാത്തതിനാല്‍ സ്റ്റേജിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെ. ആന്‍സലന്‍ എം.എൽ.എ ധര്‍ണ ഉദ്ഘാടനം ചെയ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് അപകടം. ചെവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
കഴക്കൂട്ടം-കാരോട് ബൈപാസ് റോഡിന് കുറുകെ മാവിളക്കടവിലേക്ക് പോകുന്ന റോഡില്‍ മേല്‍പാലം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മണ്ണക്കലില് നടത്തിയ ധര്‍ണക്കിടെയാണ് സ്റ്റേജ് തകര്‍ന്നത്. കയറുപൊട്ടി പലക താഴേക്ക് ഇളകിവീണതോടെ സ്റ്റേജ് നിലം പതിച്ചു. പരസ്പരം കൈകോര്‍ത്താണ് പരിക്കേല്‍ക്കാതെ സ്റ്റേജിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയതാണ് അപകടകാരണമെന്നും ആരോപിക്കുന്നവരും നിരവധി. എം.എൽ.എയും ജനപ്രതിനിധികളും സംഘാടകരും സ്റ്റേജ് തകര്‍ന്ന് വീണതോടെ നിലത്തുവീണെങ്കലും അദ്ഭുതകരമായിട്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. എല്ലാ ജനപ്രതിനിധികളെയും ഉല്‍പ്പെടുത്തി സര്‍വകക്ഷി കൂട്ടായ്മ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സ്റ്റേജ് തകര്‍ന്നത്.