വീട് കുത്തിത്തുറന്ന് നാല് പവൻ കവർന്നു
text_fieldsപള്ളിച്ചലിൽ മധുസൂദനന്റെ വീട് കുത്തിത്തുറന്ന നിലയിൽ
നേമം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാല് പവൻ കവർന്നു. പള്ളിച്ചൽ ദ്വാരകയിൽ മധുസൂദനന്റെ വീട്ടിലാണ് മോഷണം. തിങ്കളാഴ്ച രാവിലെ 10.30നും വൈകുന്നേരം നാലുമണിക്കും ഇടയിലാണ് സംഭവം. ഇരുനില വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു സൂക്ഷിച്ചിരുന്ന നാല് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ആറ്റുകാൽ ദർശനത്തിന് പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെടുന്നത്. വീടിന്റെ താക്കോൽ മീറ്റർ ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ബോക്സ് തുറന്ന നിലയിൽ കണ്ടെത്തി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

