പരിചരിക്കാൻ ആരുമില്ല; വയോധികന്‍റെ അവസ്ഥ ദയനീയം
text_fieldsപരിചരിക്കാനാളില്ലാതെ വീട്ടിൽ കഴിയുന്ന വിളപ്പിൽശാല വ്ലാത്തിവിളാകം സ്വദേശി തോംസൺ
നേമം: പരിചരിക്കാൻ ആളില്ലാതായതോടെ വയോധികന്‍റെ അവസ്ഥ ദയനീയമായി തുടരുന്നു. വിളപ്പിൽശാല കുണ്ടാമൂഴി ക്ഷേത്രത്തിന് സമീപം വ്ലാത്തിവിളാകം സ്വദേശി തോംസൺ (92) ആണ് ദയനീയാവസ്ഥയിൽ കഴിയുന്നത്. ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഇദ്ദേഹത്തിന് ചെറിയ രീതിയിൽ മാനസികാസ്വാസ്ഥ്യമുണ്ട്. കുറച്ചുനാൾ മകളുടെ പരിചരണത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് സ്വന്തം ഇഷ്ടപ്രകാരം കുണ്ടാമൂഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു.
ചില സമയങ്ങളിൽ വീട്ടിൽ ഒറ്റക്ക് കഴിയും. മറ്റുചില അവസരങ്ങളിൽ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്വഭാവമുണ്ട്. നാട്ടുകാർ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്. വാർധക്യകാല പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയതോടുകൂടിയാണ് ഇദ്ദേഹത്തിന്‍റെ അവസ്ഥ പരിതാപകരമായത്.
ലക്ഷ്യമില്ലാതെ റോഡ് വശത്തുകൂടി നിരങ്ങി നീങ്ങുന്ന വയോധികനെ കുറിച്ചുള്ള വാർത്ത മാധ്യമം കുറച്ചുനാൾമുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകരും വാർഡ് മെംബർമാരും ഇടപെടുകയും അദ്ദേഹത്തിന് ആഹാരം വാങ്ങി നൽകുകയും ചെയ്യുകയുണ്ടായി. തുടർന്ന് മകൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും കുറച്ചുനാൾ കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം തിരികെ എത്തിക്കുകയായിരുന്നു. എന്നാൽ, കുറച്ചുദിവസമായി സ്വന്തം വീട്ടിൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇതിനിടെ സമീപവാസി പുതുക്കിപ്പണിത വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
വസ്ത്രങ്ങൾ ഒന്നുമില്ലാതെ ദയനീയമായ അവസ്ഥയിൽ കിടക്കുകയായിരുന്നു വയോധികൻ. ആരോഗ്യനില വഷളായതിനെതുടർന്ന് പുറ്റുമ്മേൽകോണം കോണം വാർഡ് മെംബർ രാജൻ അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില വീണ്ടെടുത്തശേഷം വീട്ടുകാരുമായി ആലോചിച്ച് ഏതെങ്കിലും അഗതിമന്ദിരത്തിൽ വയോധികനെ പ്രവേശിപ്പിക്കാനാണ് തീരുമാനം.